Skip to main content

റാന്നി നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക്

 

     റാന്നി നിയോജകമണ്ഡലത്തിലെ  ഗ്രാമീണമേഖലയിലുളള മൂന്ന് പൊതുമരാമത്ത്  റോഡുകള്‍കൂടി രാജ്യാന്തര നിലവാരത്തിലേക്ക്. മൂന്ന് റോഡുകളുടെ പുനരുദ്ധാരണത്തിനായി 10 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു.

    പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ-ഐത്തല റോഡ് (2.5 കി.മീ), ചെറുകോല്‍ പഞ്ചായത്തിലെ പുതമണ്‍-കുട്ടത്തോട് റോഡ് (5.6 കി.മീ), റാന്നി പഞ്ചായത്തിലെ പാലച്ചുവട്-നരിക്കുഴി റോഡ് (4.4 കി.മീ) എന്നിവയാണ് ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനായി ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന തീരദേശ പാതയായ ഐത്തല-അറുച്ചാംകൂഴിയെ ഇട്ടിയപ്പാറ ടൗണുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഇട്ടിയപ്പാറ-ഐത്തല റോഡ്. ഇടക്കുളം -വടശേരിക്കര റോഡിന് സമാന്തരമായ പാലച്ചുവട്-നരിക്കുഴി റോഡ് ശബരിമല സീസണില്‍ അനുബന്ധപാതയായി ഉപയോഗിക്കാം. തികച്ചും ഗ്രാമീണ മേഖലയിലേക്കുളള പുതമണ്‍ -കുട്ടത്തോട് റോഡ് വികസനം പ്രദേശത്തെ സമഗ്രവികസത്തിന് വഴിതെളിക്കും. ഈ മേഖലയിലെ ജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തേക്ക് പോകാനുള്ള ദൈര്‍ഘ്യം കുറഞ്ഞ റോഡായും ഇത് മാറും. ഈ റോഡുകളുടെ വികസനം നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്നു. ഇത് സംബന്ധിച്ച് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്

date