തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നിഷ്പക്ഷതയോടെ റിപ്പോര്‍ട്ട് ചെയ്യണം: ജില്ലാ കളക്ടര്‍
തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ നിഷ്പക്ഷതയോടെയാകണം റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നു ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. പത്രങ്ങളായാലും ദൃശ്യമാധ്യങ്ങളായാലും ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിയെ അധിക്ഷേപിക്കുന്ന തരത്തിലോ മഹത്വവത്ക്കരിക്കുന്നതരത്തിലോ വാര്‍ത്തകളോ ഫീച്ചറുകളോ നല്‍കരുതെന്നും ജില്ലാ വരണാധികാരികൂടിയായ അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കളക്ടറേറ്റില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി(എം.സി.എം.സി)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ പെയ്ഡ് ന്യൂസ് ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടര്‍.
വ്യക്തിത്വം പണയപ്പെടുത്താതെ പക്ഷം ചേരാതെയാകണം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് പോലുള്ള സമയത്ത് മാധ്യമ റിപ്പോര്‍ട്ടുകള്‍ പൊതുസമൂഹത്തെ തെറ്റായ രീതിയില്‍ സ്വാധീനിക്കരുത്. ജനങ്ങളെ വോട്ടിംഗ് പ്രക്രീയയില്‍ സജീവമാക്കുവാന്‍ മാധ്യമങ്ങള്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ വി.പി അബ്ദു റഹ്മാന് അധ്യക്ഷതവഹിച്ചു. കാസര്‍കോട് ആര്‍ഡിഒ:പി.എ അബ്ദു സമദ്, ജില്ലാ ലോ ഓഫീസര്‍ കെ.പി ഉണ്ണിക്കൃഷ്ണന്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.രാജന്, എംസിഎംസി മെമ്പര്‍ ജി.ബി വത്സന്, റിട്ട.അഡീഷണല്‍ ലോ സെക്രട്ടറി എം.സിതാരാമ, കാസര്‍കോട് പ്രസ് പ്രസിഡന്റ് ടി.എ ഷാഫി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും എംസിഎംസി മെമ്പര്‍ സെക്രട്ടറിയുമായ എം.മധുസൂദനന് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി.എഡിറ്റര്‍ പി.റഷീദ് ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ സംവാദവും നടന്നു.
- Log in to post comments