ജില്ലയില്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതം ഇതുവരെ നീക്കം ചെയ്തത് 77932 നിരോധിത പ്രചരണ സാമഗ്രികള്‍
തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ നിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്. ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും നടന്ന പരിശോധനയില്‍ ഇതുവരെ നീക്കം ചെയ്തത് 77,932 നിരോധിത പ്രചരണ സാമഗ്രികളാണ്. പൊതു സ്ഥലങ്ങളില്‍ നിന്ന് 77129 ഉം സ്വകാര്യ സ്ഥലങ്ങളില്‍ 803 ഉം പ്രചരണ സാമഗ്രികള്‍ സ്ക്വാഡ് നീക്കം ചെയ്തു. ഇതില്‍ പൊതു- സ്വകാര്യ സ്ഥലങ്ങളില്‍ നിന്നായി 2042 ചുവരെഴുത്തുകള്‍ , 63874 പോസ്റ്ററുകള്‍, 5243 ബാനറുകള്‍, വിവിധ പാര്‍ട്ടികളുടെ 6583 കൊടികള്‍ എന്നിവയാണ് നീക്കം ചെയ്തത്.
പൊതുസ്ഥലങ്ങളിലോ സ്വകാര്യ വ്യക്തിയുടെ അനുമതി ഇല്ലാതെ അവരുടെ വസ്തുവിലോ സ്ഥലത്തോ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ ചിഹ്നങ്ങള്‍, പോസ്റ്റര്‍, ബാനറുകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ രൂപികരിച്ചതാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്. 16 മണ്ഡലങ്ങളില്‍ രണ്ടു സ്ക്വാഡ് വീതം 32 ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോ ഗ്രാഫര്‍, നാല് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഓരോ സ്ക്വാഡും.
ഹരിത ചട്ടം പാലിച്ച് പരിസ്ഥിതി സൗഹാര്‍ദമായി തെരഞ്ഞെടുപ്പ് നടത്താന്‍ സദാ സമയവും പ്രവര്‍ത്തന സജ്ജരാണിവര്‍. മാതൃകാ പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ലഭിക്കുന്ന പരാതികള്‍ക്ക് 100 മിനിറ്റിനകം പരിഹാരം കാണുന്നതില്‍ ഫ്ളൈയിങ് സ്ക്വാഡിനൊപ്പം ഡീഫേസ്മെന്റ് സ്ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്.
- Log in to post comments