പരസ്യപ്രചരണത്തിന് ഇന്ന് സമാപനം പോളിങ്ങിന് 48 മണിക്കൂര്‍ മുമ്പ് പൊതു പരിപാടികള്‍ക്ക് നിരോധനം
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യപ്രചാരണത്തിന് ഇന്ന് (ഏപ്രില്‍ 21) സമാപനമാവും. ഇന്ന് വൈകുന്നേരം ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക. അവസാനിച്ചാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളോ പ്രവര്‍ത്തകരോ നിയോജകമണ്ഡലത്തില്‍ യാതൊരുവിധ പ്രചരണവും നടത്താന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുറമെയുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെയോ പ്രസ്ഥാനങ്ങളുടെയോ സാന്നിധ്യം നിയോജക മണ്ഡലത്തില്‍ ഉണ്ടാവാന്‍ പാടില്ല. ഇത്തരത്തിലുളള ക്രമക്കേടുകള്‍ കണ്ടെത്താന്‍ ജില്ലാകലക്ടറുടെ നേതൃത്വത്തിലുളള സ്ക്വാഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വാഹനം ഉപയോഗിക്കുന്നതിന് ജില്ലാ വരണാധികാരിയില്‍ നിന്നാണ് അനുമതി നേടേണ്ടത്. ഇത്തരത്തില്‍ അനുവദിക്കുന്ന വാഹനങ്ങളില്‍ വോട്ടര്‍മാരെ കൊണ്ടുപോകുന്നതിനും വരുന്നതിനും അനുമതി നിഷേധിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുളളതിനാല് അത്തരത്തിലുളള വോട്ടര്‍മാരെ സഹായിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വോട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാകുകയാണെങ്കില്‍ ജില്ലാകലക്ടര്‍, എസ്.പി, ബന്ധപ്പെട്ട എ.ആര്.ഓ മാര്‍, ഡി.വൈ.എസ്.പി, സെക്ടര്‍ ഓഫീസര്‍മാര്‍ എന്നിവരെ ബന്ധപ്പെടണം. പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ എല്ലാ പൊതുപരിപാടികളും റാലികളും നിരോധിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍, സിനിമ, റേഡിയോ ഉള്‍പ്പെടെയുള്ള മറ്റു മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ഘടിപ്പിച്ചോ മറ്റെന്തെങ്കിലും വിധത്തിലോ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.
- Log in to post comments