വോട്ടിങ് മെഷീനുകള്‍ എണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു
പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മെഷീനുകള്‍ അതത് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു. മലപ്പുറം ഗവ.കോളേജ്, മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ്, മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണെത്തിച്ചത്.
ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് പലയിടത്തും പോളിങ് അവസാനിച്ചത്. അതിനാല്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പല മണ്ഡലങ്ങളിലെയും വോട്ടിങ് മെഷീനുകള്‍ കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചത്. ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ നിന്നായാണ് 16 മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികള്‍ നേരത്തെ വിതരണം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അതത് കേന്ദ്രങ്ങളില്‍ തന്നെയാണ് പോലീസ് സുരക്ഷയോടെ പ്രത്യേകം നിശ്ചയിച്ച വാഹനങ്ങളില്‍ തിരിച്ചെത്തിച്ചത്. ഇവിടങ്ങളില്‍ നിന്നാണു നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചത്.
മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം ഗവ.കോളേജിലാണു സൂക്ഷിക്കുന്നത്. പൊന്നാനി ലോക്സഭ മണ്ഡലത്തില്‍പ്പെട്ട തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, കോട്ടക്കല്‍ നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണെത്തിച്ചത്. തവനൂര്‍, പൊന്നാനി, തൃത്താല നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകളാണ് വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസില്‍ സൂക്ഷിക്കുന്നത്.
വയനാട് ലോക്സഭ മണ്ഡലത്തില്‍പെട്ട ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകള്‍ നിലമ്പൂര്‍ ഗവ.മാനവേദന് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണു സൂക്ഷിക്കുന്നത്.
മലപ്പുറത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ച വോട്ടിങ് മെഷീനുകളും രേഖകളും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ, നിരീക്ഷകരായ പത്മ ജയ്സ്വാള്‍, ചന്ദ്രകാന്തുകി, അസിസ്റ്റന്റ് റിട്ടേംണിങ് ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്തു സൂക്ഷിച്ചു.
- Log in to post comments