കുട്ടികള്‍ക്കുള്ള അവധിക്കാല പെന്‍സില്‍ ക്യാമ്പുമായി ഹരിത കേരളം മിഷന്
കൊച്ചി : ഹരിത കേരളം മിഷന്റെ ഭാഗമായി സമഗ്ര ശുചിത്വ മാലിന്യ സംസ്ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ മാലിന്യ സംസ്ക്കരണ ഉപാധികളെക്കുറിച്ച് പഠിക്കാനും മാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്താനുമായി വാര്‍ഡുതലത്തില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹരിതകേരളം മിഷന്, കില, കുടുംബശ്രീ മിഷന്, ശുചിത്വ മിഷന്, ആരോഗ്യവകുപ്പ്, എന്നിവര്‍ സംയുക്തമായി മെയ് 11 മുതല്‍ 20 വരെ എല്ലാ വാര്‍ഡുകളിലും ക്യാമ്പ് നടത്തും.
പാഴ്വസ്തുക്കളില് നിന്നും കൗതുക വസ്തുക്കളുടെ നിര്‍മ്മാണം, മാലിന്യ സംസ്ക്കരണ ഉപാധികള്‍ പരിചയപ്പെടുത്തല്‍, ഹരിത നിയമങ്ങള്‍ മനസിലാക്കല്‍, ഫീല്‍ഡ ്സന്ദര്ശനം, ആരോഗ്യവകുപ്പിന്റെ പകര്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനം, പ്രദേശത്തെ മാലിന്യ പരിപാലനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യറാക്കല്‍, നിവേദനം തയ്യറാക്കി അധികാരികള്‍ക്കു നല്കല് തുടങ്ങിയവയും ക്യാമ്പില്‍ ഉള്‍പ്പെടുന്നു.
ജൈവ അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി തരംതിരിച്ച ്സംസ്ക്കരിക്കുന്നതിനും വലിച്ചെറിയല്‍ സംസ്ക്കാരത്തിന് അറുതിവരുത്തുന്നതിനുമായുള്ള ബോധവത്ക്കരണത്തിനു വേണ്ടിയാണ് ഈ ക്യാമ്പ്. ഇതുവഴി കുട്ടികളിലൂടെ മുതിര്‍ന്ന വരിലേക്കും മാലിന്യ സംസ്കരണത്തേക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സാധിക്കും.
ജില്ലാ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 26 മുതല്‍ മെയ് 3 വരെ മൂന്ന് ബാച്ചുകളിലായി വെങ്ങോല സമൃദ്ധി ഗ്രാമത്തില്‍ വച്ച് നടത്തിവരികയാണ്. പഞ്ചായത്ത്/നഗരസഭകളില്‍ നിന്ന് രണ്ട് വീതം കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാരും കോര്‍പ്പറേഷനില്‍ നിന്ന് 5 റിസോഴ്സ് പേഴ്സണ്‍മാരുമാണ് പങ്കെടുക്കുന്നത്.
വാര്‍ഡുകളില്‍ നിന്നുള്ള രണ്ട് കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ബ്ലോക്ക്തല പരിശീലനം മെയ് രണ്ട് മുതല്‍ ഒമ്പതുവരെ 35 ബാച്ചുകളിലായി സംഘടിപ്പിക്കും. ഇവര്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും മെയ് 11 മുതല്‍ 20 വരെ ക്യാമ്പ് നടത്തും
- Log in to post comments