Skip to main content

കളമശ്ശേരിയിൽ ഇന്ന് (30.4.19) റീ പോളിങ്

കളമശ്ശേരിയിൽ ഇന്ന് (30.4.19) റീ പോളിങ്

കൊച്ചി : എറണാകുളം ലോക്സഭ മണ്ഡലത്തിനു കീഴിലുള്ള കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83-ാം നമ്പർ പോളിങ് സ്റ്റേഷനിൽ ഇന്ന് (30. 4. 19 ) റീ പോളിങ് നടത്തുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  ഈസ്റ്റ് കടുങ്ങല്ലൂർ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുക.    
പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിങ് യന്ത്രത്തിൽ കാണിച്ചതിനെ  തുടർന്നാണ് ഏപ്രിൽ 23ന് ഈ ബൂത്തിൽ  നടന്ന തിരഞ്ഞെടുപ്പ്  അസാധുവാക്കിയത്.  
ബൂത്തിൽ ആകെ 912 വോട്ടർമാരാണുള്ളത്.  തിരഞ്ഞെടുപ്പു ദിവസം 716 പേർ വോട്ടു ചെയ്യാനെത്തി.  വരിനിന്നവരിലൊരാൾ തലകറങ്ങി വീണതിനാൽ രജിസ്റ്ററിൽ പേരുചേർത്ത 715 പേരേ വോട്ട് രേഖപ്പെടുത്തിയിരുന്നുള്ളൂ.  പോളിങ് അവസാനിച്ച ശേഷം വോട്ടിങ് യന്ത്രം പരിശോധിച്ചപ്പോൾ 758 വോട്ടുകൾ പോൾ ചെയ്തതായാണ് റീഡിങ് ലഭിച്ചത്.  43 അധിക വോട്ടുകൾ.   ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ബൂത്തിൽ റീപോളിങ് നിശ്ചയിച്ചത്.  
രാവിലെ ഏഴു മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.  രാവിലെ ആറിന് മോക് പോൾ നടത്തും.  അഞ്ച് പോളിങ് ഉദ്യോഗസ്ഥരും പോലീസും ഡ്യൂട്ടിയിലുണ്ടാകും.  വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.

date