Skip to main content

പരീക്ഷഫലം കാത്തിരിക്കുന്ന കുട്ടികള്‍ക്ക് മാനസിക പിന്തുണയുമായി - ജില്ലാകലക്ടര്‍

 

പരീക്ഷഫലം കാത്തിരിക്കുന്ന കുട്ടികള്‍ക്ക് മാനസിക പിന്തുണയുമായി ജില്ലാ കലക്ടര്‍. മാര്‍ക്കിനും ഗ്രേഡിനും അപ്പുറം ആത്മവിശ്വാസവും മന:കരുത്തും ശുഭാപ്തിവിശ്വാസവുമാണ് ജീവിത വിജയം നേടുന്നതിന് സഹായകമാകുന്നതെന്ന് കലക്ടര്‍ അമിത് മീണ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. പരീക്ഷഫലം വരുന്നതിന് മുന്നോടിയായാണ് ജില്ലാ കലക്ടര്‍  സന്ദേശം കൈമാറിയത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ പരമാവധി വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ജില്ലാ കലക്ടറുടെ സന്ദേശം എത്തിക്കും.

'    കുട്ടിയുടെ പഠനനിലവാരം അളക്കേണ്ടത് മറ്റു കുട്ടികളുമായല്ല, മറിച്ചു കുട്ടിയുടെ കഴിഞ്ഞ കാല പഠനനിലവാരവുമായി താരതമ്യം ചെയ്തുകൊണ്ടാണ്. മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തില്‍ വിള്ളലുണ്ടാക്കുകയും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. എല്ലാം ശരിയാകും എന്ന ശുഭാപ്തിവിശ്വാസം കുട്ടികളില്‍ ഊട്ടിയുറപ്പിക്കുക. തോല്‍വിയും വിജയവും ജീവിതത്തിന്റെ  ഭാഗമാണ്. കേവലം മാര്‍ക്കിനും ഗ്രേഡിനും അപ്പുറം ആത്മവിശ്വാസവും മന:ക്കരുത്തും  ശുഭാപ്തിവിശ്വാവസവുമാണ് ജീവിതവിജയം നേടുന്നതിന് സഹായിക്കുന്നത്.' കലക്ടര്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

' പരീക്ഷാഫലം ചിട്ടയോടെയുള്ള തുടര്‍പഠനത്തിനുള്ള  അവസരമായി കണക്കാക്കുക. പഠനശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. ഇന്ന് നമ്മള്‍ കാണുന്ന നല്ല വ്യക്തിത്വങ്ങളൊക്കെയും ജീവിതത്തിന്റെ പടവുകളില്‍ കാലിടറിയവരും പിന്നീട് ആത്മവിശ്വാസത്തിലൂടെയും കഠിന പരിശ്രമത്തിലൂടെയും വിജയത്തിലെത്തി ച്ചേര്‍ന്നവരുമാണ്. ഒരിക്കലെങ്കിലും പരാജയപ്പെടുന്നവരാണ് വിജയത്തിന്റെന മാധുര്യം ആസ്വദിക്കുന്നതും വിജയത്തിലെത്തിച്ചേരുന്നതും എന്നു കൂടി ഓര്‍ക്കുക. കഴിഞ്ഞതിനെപ്പറ്റിയോര്‍ത്തു ദുഃഖിക്കാതെ നമ്മളുടെ കഴിവിനനുസരിച്ചു പരിശ്രമിക്കാം, ഭാവിയിലെനല്ല പൗര•ാരാവാം. ' എന്നും സന്ദേശത്തില്‍ പറയുന്നു.

24 മണിക്കൂറും സഹായം തേടാം

പരീക്ഷാഫലം സംബന്ധമായ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും പരിഹരിക്കാന്‍ ഏതുസമയത്തും ബന്ധപ്പെടാം, ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മലപ്പുറം- 0483-2978888, 8281899469, സൈക്കോളജിസ്റ്റ്- 9400097483, കൗണ്‍സലര്‍-9544786906.

 

date