സംസ്ഥാനതല ശുചീകരണ യജ്ഞത്തിന് ഇന്ന് (മെയ് 11) തുടക്കം മാലിന്യങ്ങളെ നാടുകടത്താന്‍ രണ്ടു ദിനങ്ങള്‍
വീട്ടിലും പറമ്പിലും പൊതുസ്ഥലങ്ങളിലുമുള്ള അജൈവ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി സംസ്ഥാനതല ശുചീകരണ യജ്ഞത്തിന് ഇന്ന് (മെയ് 11) തുടക്കം. കോട്ടയം ജില്ലയില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയും ശുചീകരണം നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.
പ്ലാസ്റ്റിക്, തെര്‍മോകോള്‍, തുണി, കുപ്പിച്ചില്ല്, ബള്‍ബുകള്‍, ലെതര്‍ വസ്തുക്കള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ശേഖരിക്കും. ഇവ കൈമാറുന്നതിന് മുന്‍പ് വൃത്തിയാക്കണമെന്നില്ല. റബര്‍ തോട്ടങ്ങളിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ചിരട്ടകളും ഷേഡുകളും ഇതില്‍ ഉള്‍പ്പെടുത്താം.
പൊതുജനങ്ങള്‍ മാലിന്യങ്ങള്‍ തരംതിരിച്ച് ചാക്കുകളിലാക്കി മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ കളക്ഷന്‍ പോയിന്റുകളിലാണ് എത്തിക്കേണ്ടത്. കളക്ഷന്‍ പോയിന്റ് ഏതെന്ന് വാര്‍ഡ് മെംബറോട് ചോദിച്ചറിയണം. എല്ലാ വാര്‍ഡുകളിലും വോളണ്ടിയര്‍മാരുടെ സേവനവുമുണ്ടാകും. ജൈവ മാലിന്യങ്ങള്‍ കുഴിയെടുത്ത് മറവു ചെയ്യും. കളക്ഷന്‍ പോയിന്റുകളില്‍നിന്നും തദ്ദേശഭരണ സ്ഥാപന പരിധിയിലെ ഒരു കേന്ദ്രത്തില്‍ എത്തിക്കുന്ന അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡൊന്നിന് 25000 രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍, ഓടകള്‍, ജലാശയങ്ങള്‍ തുടങ്ങിയവ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിക്കും. ശുചീകരണ സാമഗ്രികള്‍, അണുനാശിനികള്‍ എന്നിവ ആരോഗ്യവകുപ്പ് ലഭ്യമാക്കും.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആരോഗ്യസേന, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ്-കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരിവ്യവസായി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, മത- സാമൂഹിക സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവര്‍ യജ്ഞത്തില്‍ പങ്കാളികളാകും. ശുചീകരണത്തിന് മുന്‍പും ശേഷവുമുള്ള സ്ഥിതി വ്യക്തമാകുംവിധത്തില് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഡോക്യുമെന്റേഷനും നടത്തുന്നുണ്ട്.
- Log in to post comments