Skip to main content

മഴക്കാലപൂര്‍വ്വ ശുചീകരണം: ഒരുലക്ഷത്തിലധികം വീടുകള്‍ സന്ദര്‍ശിച്ച് ശുചീകരണം

മഴക്കാലപൂര്‍വ്വ ശുചീകരണം: ഒരുലക്ഷത്തിലധികം വീടുകള്‍ സന്ദര്‍ശിച്ച് ശുചീകരണം

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ശുചിത്വ ക്യാമ്പയിനിന് ഇന്ന് ജില്ലയില്‍ തുടക്കമായി. തദ്ദേശസ്വയംഭരണ വകുപ്പുകളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ ശുചീകരണത്തില്‍  ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പുപദ്ധതി പ്രവര്‍ത്തകര്‍,  ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വിവിധ വ്യാപാര സംഘടന പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍,  രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍,   തുടങ്ങിയവര്‍ സജീവ പങ്കാളിത്തം വഹിച്ചെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വി ജയശ്രീ അറിയിച്ചു.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളും ഇന്ന് (മെയ് 11ന്) ശുചീകരിച്ചു. ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എല്ലാ ബ്ലോക്കുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം അവലോകനം ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു ചെയ്തു.

ശുചീകരണ യജ്ഞത്തില്‍ 16063 ആരോഗ്യ സേനമെമ്പര്‍മാരും 672 ആരോഗ്യപ്രവര്‍ത്തകരും പങ്കാളികളായി. ജില്ലയില്‍ 1,31,672 വീടുകള്‍ സന്ദര്‍ശിക്കുകയും 2,64,584 കൊതുകിന്റെ ഉറവിട സ്രോതസ്സുകള്‍ എടുത്തുമാറ്റുകയും ചെയ്തു. കോഴിക്കോട് നഗരസഭ ഉള്‍പ്പെടെ 7 നഗരസഭകളിലും 70 ഗ്രാമപഞ്ചായത്തുകളിലും ശുചീകരണ യജ്ഞത്തിന് തുടക്കമായി. പഞ്ചായത്തു തലത്തില്‍ 483 സ്ഥലങ്ങളില്‍ ക്യാംപെയിന്‍ തുടക്കം കുറിച്ചു. 1296 പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി. ഗ്രാമപഞ്ചായത്തിലെ 980 വാര്‍ഡുകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. മെയ് 12 നും ശുചിത്വ ക്യാമ്പയിന്‍ തുടരും. പൊതുസ്ഥലങ്ങള്‍, അങ്ങാടികള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയിടങ്ങള്‍ വൃത്തിയാക്കാന്‍ എല്ലാവരും അണി ചേരണമെന്ന് ഡിഎംഒ അറിയിച്ചു. വീടും പരിസരവും ഓഫീസുകളും സ്ഥാപനങ്ങളും വൃത്തിയാക്കാനും എല്ലാവരും ശ്രദ്ധിക്കണം എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

date