Skip to main content

ആരോഗ്യ ജാഗ്രത സജീവമാക്കാന്‍  ആസൂത്രണ യോഗം നടത്തി

 

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി അടുത്ത ഒരാഴ്ച്ചയ്ക്കകം ചെയ്ത് തീര്‍ക്കേണ്ട ശുചിത്വ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് അഴിയൂര്‍ പഞ്ചായത്തില്‍ ആസൂത്രണയോഗം ചേര്‍ന്നു. 17 ന് മാളിയേക്കല്‍ കടല്‍ തീരത്ത് കടല്‍ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം നടത്തും. 18 ന്  കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളും വീടും ശുചിയാക്കും. 19 ന് പഞ്ചായത്തിലെ രണ്ട് സ്‌ക്വാഡുകള്‍ ശുചിത്വ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ ഗൃഹസന്ദര്‍ശനം നടത്തും. എല്ലാ അംഗന്‍വാടികളുടേയും നേതൃത്വത്തില്‍ മാത്യസംഗമവും നടത്തും. തൊഴിലുറപ്പ് തൊഴിലാളികള്‍ രണ്ട് മണിക്കൂര്‍ സൗജന്യസേവനം ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. പ്ലാസ്റ്റിക്ക് കത്തിക്കുന്ന വീടുകള്‍ കണ്ടെത്തി  നടപടി സ്വീകരിക്കും. ഹാര്‍ബര്‍ അടക്കം പൊതു ടൗണുകളും ഓടകളും ശുചീകരിക്കും. ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുവാന്‍ ലഘുലേഖ പ്രിന്റ് ചെയ്ത് നല്‍കുവാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്‍-ചാര്‍ജ്ജ് റീന രയരോത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ ചാത്തങ്കണ്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധ മാളിയേക്കല്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍മാരായ സുധ കുളങ്ങര, സുകുമാരന്‍ കല്ലറോത്ത്, ശ്രീജേഷ് കുമാര്‍, വി.പി.ജയന്‍, ബ്ലോക്ക് മെമ്പര്‍മാരായ കെ.പ്രമോദ്, പങ്കജാക്ഷി ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോളി, ജെ.എച്ച്.ഐമാരായ സജീവന്‍, ഷൈനേഷ്, നന്‍മ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി വിജയന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജൈസണ്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ഷീജ, ഓവര്‍സീയര്‍ രജ്ഞിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ വാര്‍ഡിലും രണ്ട് ലക്ഷം രൂപ ചെലവില്‍ ബി.പി.എല്‍കാര്‍ക്ക് നിര്‍മ്മിക്കുന്ന സോക്ക് പിറ്റിന്റെ ഗുണഭോക്താക്കളെ ആശാവര്‍ക്കര്‍മാര്‍ മുഖേന കണ്ടെത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

 

 

date