Skip to main content

മഴക്കാലപൂര്‍വ്വ ശുചീകരണം: ജില്ലയില്‍ ഇന്നും നാളെയും ശുചീകരണ യഞ്ജം 

 

 

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്നും നാളെയും( മെയ് 11,12) തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ശുചീകരണത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയില്‍ രണ്ട് ദിവസമായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരത്തിലെ റോഡ് അരികിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഓവുചാലുകള്‍, കനാലുകള്‍ വൃത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പാലക്കാട് നഗരസഭാ പരിധിയിലുള്ള കല്‍മണ്ഡപത്തിന് സമീപത്തെ കനാലിലെ മാലിന്യം നീക്കം ചെയ്യുവാന്‍ നഗരസഭാ പ്രതിനിധികള്‍ക്ക് യോഗാധ്യക്ഷന്‍ നിര്‍ദ്ദേശം നല്‍കി. 

ശുചീകരണ യഞ്ജത്തിന്റെ ഭാഗമായി ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ പുഴകള്‍, തുറന്ന ജലസ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ ഉറപ്പാക്കും. മലമ്പുഴ ഡാം പരിസരത്തെ കനാലുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വൃത്തിയാക്കുവാന്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്‍.പി, യു.പി. ഹൈസ്‌കൂളുകളിലെ പരിസരവും കുടിവെള്ള സ്രോതസ്സുകളും ശൂചീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കൂടാതെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡി.ഇ.ഒ, എ.ഇ.ഒ മാരെയും ചുമതലപ്പെടുത്തും. കുടുംബശ്രീ, ആരോഗ്യ വകുപ്പ്, നഗരസഭകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗൃഹസന്ദര്‍ശനവും  ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കും. യോഗത്തില്‍ എ.ഡി.എം എം.എന്‍ മെഹറാലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date