വൃദ്ധദമ്പതികളെ വീട്ടില്‍ക്കയറി ആക്രമിച്ചു : പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും
കണ്ണാടി വില്ലേജിലെ കടക്കുറുശ്ശിയില് വൃദ്ധദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചുക്കയറി ആക്രമണം നടത്തിയ കേസില്‍ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും 5000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കണ്ണനൂര്‍ അമ്പാട്ട് വീട്ടിലെ ജയന്, മാത്തൂര്‍ തച്ചന്‍കാട് ആങ്കിരങ്കാട് വീട്ടിലെ അനീഷ് (അനു), കണ്ണാടി ചാത്തന്കുളങ്ങരപറമ്പ് രമേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. 2013 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജു നിവാസില്‍ കേശവന്, ഭാര്യയായ ലീല എന്നിവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലീലയുടെ കഴുത്തിലെ ഏഴര പവന്റെ രണ്ട് മാലകള്‍ ബലമായി പൊട്ടിച്ചെടുക്കുകയും തടയാന്‍ചെന്ന കേശവനെ പ്ലാസ്റ്റിക് കസേര കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കേശവന്റെ അയല്‍വാസിയും മൂന്നാംപ്രതിയുമായ രമേശിന്റെ ഓട്ടോറിക്ഷയിലാണ് പ്രതികള്‍ സംഭവ സ്ഥലത്തെത്തിയത്. ഒന്നാംപ്രതി ജയന്, രണ്ടാം പ്രതി അനീഷ് എന്നിവരാണ് വീട്ടില്‍ കയറി കൃത്യം നടത്തിയത്. രമേഷ് ഈ സമയം ഓട്ടോറിക്ഷയില്‍ പുറത്ത് കാത്തുനില്ക്കുകയും സംഭവശേഷം ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സീനയാണ് ശിക്ഷവിധിച്ചത്. ടൗണ്‍ സൗത്ത് പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഇ.ലത ഹാജരായി.
- Log in to post comments