Post Category
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം; ജില്ലയില്‍ മൂന്നു ലക്ഷത്തിലധികം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കും
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കൊല്ലം ജില്ലയില്‍ മൂന്നു ലക്ഷത്തിലധികം രക്ഷാകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കും. എല്ലാ പൊതുവിദ്യാലയങ്ങളിലും ഒന്നു മുതല്‍ പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കാണ് പരീശീലനം നല്‍കുന്നത്.
സര്‍വശിക്ഷാ അഭിയാനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്‌കൂള്‍തല ക്ലസ്റ്റര്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ടി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള നിര്‍വഹിച്ചു. പരിശീലനം ഫെബ്രുവരി അഞ്ചുവരെ നീണ്ടുനില്‍ക്കും.
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും രക്ഷാകര്‍ത്തൃ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന സ്‌കൂള്‍തല അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ മെച്ചപ്പെടുത്തുന്നതിനും അഭിപ്രായ ക്രോഡീകരണത്തിനും പരിപാടി ലക്ഷ്യമിടുന്നു. മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി ഇതിനോടകം 500 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങില്‍ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ്, ജില്ലാ പഞ്ചായത്തംഗം ഷേര്‍ലി സത്യദേവന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന സുനില്‍, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍പിള്ള, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്. ഹുസൈന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീകല, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ബി. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി. ആര്‍. കെ.131/18)
date
- Log in to post comments