വൈദ്യുതി അദാലത്ത് നയിച്ച് മന്ത്രി എം.എം. മണി; നിരവധി പരാതികള്‍ക്ക് പരിഹാരം
"അടുക്കളയോടു ചേര്‍ന്നാണ് ട്രാന്‍സ്ഫോര്‍മര്‍. പാത്രം കഴുകാനോ വിറകു വെട്ടാനോ കഴിയില്ല. മഴക്കാലമായാല്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടായി ട്രാന്‍സ്ഫോര്‍മറില്‍നിന്ന് തീ ചിതറും. ജീവന് പണയപ്പെടുത്തിയാണ് ഞങ്ങള്‍ കഴിയുന്നത്" വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുന്ന പരാതി വൈദ്യുതി മന്ത്രി എം.എം. മണിക്കു മുന്നില്‍ ആവര്‍ത്തിക്കുമ്പോഴും തിരുവാര്‍പ്പ് പുത്തന്‍ചിറയില്‍ വത്സമ്മ ജോസഫിന് പ്രതീക്ഷയില്ലായിരുന്നു.
പക്ഷെ, പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന് 2.22 ലക്ഷം രൂപ എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുണ്ടെന്നും വൈദ്യുതി ബോര്‍ഡിന്റെ ചിലവില്‍ ഇതു മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചപ്പോള്‍ കോട്ടയം കെ.പി.എസ്. മേനോന് ഹാളില്‍നിന്നും ആശ്വാസത്തോടെ വത്സമ്മ മടങ്ങി.
ഇതുള്‍പ്പെടെ നിരവധി പരാതികള്‍ക്ക് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വൈദ്യുതി അദാലത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു. വിധവയായ സചിവോത്തമപുരം കുന്നക്കാട്ടുതറ മോളി ഐസക്കിന്റെ 60,000 രൂപയുടെ വൈദ്യുതി ബില്‍ കുടിശ്ശിക ഒഴിവാക്കി നല്കി. സ്വന്തം പുരയിടത്തിലൂടെ കടന്നു പോയിരുന്ന വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള അപേക്ഷയുമായി എത്തിയ നെടുങ്ങാടപ്പള്ളി സ്വദേശി ഈപ്പന് വര്‍ഗീസിന് എസ്റ്റിമേറ്റ് തുകയായ 83,000 രൂപയുടെ പകുതി നല്കി പ്രശ്നം പരിഹരിക്കുന്നതിന് വഴിതുറന്നു.
വൈദ്യുതി ഉപയോക്താക്കളുടെ പരാതികള്‍ക്കും പ്രശ്നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കാണാന്‍ ജനുവരി 11 മുതല്‍ ഫെബ്രുവരി 15 വരെ വൈദ്യുതി ബോര്‍ഡ് ജില്ലകളില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ രണ്ടാമത്തേതാണ് ഇന്നലെ നടന്നത്. കോട്ടയം ജില്ലയില്‍ ജനുവരി 17 വരെ 847 പരാതികളാണ് ലഭിച്ചത്. ആറു കൗണ്ടറുകളിലായാണ് പരാതികള്‍ പരിഗണിച്ചത്.
വസ്തുവിലൂടെ ലൈന്‍ വലിക്കുന്നത്, മരം മുറിക്കുന്നതിന്റെ നഷ്ടപരിഹാരം, ഫോറസ്റ്റ് ക്ലിയറന്‍സ് സര്‍വീസ് കണക്ഷന്, ലൈനും പോസ്റ്റും മാറ്റി സ്ഥാപിക്കല്‍, വൈദ്യുതി ബന്ധം വിച്ഛേദിക്കല്‍, കുടിശ്ശിക നിവാരണം, റവന്യൂ റിക്കവറി, വോള്‍ട്ടേജ് ക്ഷാമം, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള പരാതികളായിരുന്നു ഭൂരിഭാഗവും.
വൈദ്യുതി മേഖലയില്‍ സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന കൂടുതല്‍ പദ്ധതികള്‍ പരിഗണനയിലുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം ബോര്‍ഡിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും സേവനം കൂടുതല്‍ മെച്ചപ്പെടുത്താണ് ശ്രമിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന് എം.പി. മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ വി.എന്‍. വാസവന് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍.എസ്. പിളള, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments