പച്ചക്കറി കൃഷിയില്‍ വിജയഗാഥ രചിച്ച് തളിയാപറമ്പ് ഗവ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും
ആലപ്പുഴ: കാര്‍ഷിക മേഖലയുടെ ഭാവി തങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് തളിയാപറമ്പ് ഗവ.എല്‍.പി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കാര്‍ഷിക വിദ്യാലയത്തിനുള്ള ജില്ലാതല പുരസ്‌കാരത്തില്‍ ഈ വര്‍ഷത്തെ ഒന്നാം സ്ഥാനവും ഈ സ്‌കൂളാണ് കരസ്ഥമാക്കിയത്.
അഞ്ചു വര്‍ഷമായി മികച്ച രീതിയില്‍ കൃഷി നടത്തുന്ന വിദ്യാലയമാണിത്. പച്ചക്കറി കൃഷിക്കു പുറമേ വാഴ, കപ്പ, മഞ്ഞള്‍, കുറ്റിമുല്ല, ബന്തി പൂവ്, പാഷന്‍ ഫ്രൂട്ട്, ചീര തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒന്നര ഏക്കര്‍ പറമ്പ് പാട്ടത്തിനെടുത്ത് വിപുലമായ പച്ചക്കറി കൃഷിയാണ് സ്‌കൂളില്‍ നടത്തിയത്. തികച്ചും ജൈവമായ രീതിയില്‍ മണ്ണിനെ വളക്കൂറുള്ളതാക്കി പരുവപ്പെടുത്തിയാണ് പച്ചക്കറി കൃഷി സാധ്യമാക്കുന്നത്. കൃഷി ചെയ്യുന്ന പച്ചക്കറി വിതരണം ചെയ്യാന്‍ വെള്ളിയാഴ്ച്ചകളില്‍ പച്ചക്കറി ചന്തയുമുണ്ട്. വര്‍ഷത്തില്‍ 50ല്‍ ഏറെ ദിവസങ്ങളില്‍ ആവശ്യമായുള്ള ഉച്ചഭക്ഷണത്തിനുള്ള വിഭവം സ്വയം കണ്ടെത്തി ജൈവ ഭക്ഷണം ഉറപ്പു വരുത്താനും വിദ്യലയത്തിന് കഴിഞ്ഞു. അധ്യാപകരുടെ നേതൃത്വത്തില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണയോടെയാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. സ്‌കൂള്‍ പ്രധാനാധ്യാപിക ഇ. വിമല, കാര്‍ഷിക ക്ലബ്ബ് കണ്‍വീനറും അധ്യാപകനുമായ സോണി പവേലിന്‍, എസ്.എം.സി. അംഗങ്ങളായ ബാലകൃഷ്ണന്‍, വി. ജിബീഷ്, എന്‍. ആര്‍. സജു, റാണി ഗിരീഷ് എന്നിവരാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
- Log in to post comments