Skip to main content

പാതയോര ശുചീകരണവും സൗന്ദര്യവല്‍ക്കരണവും ആരംഭിച്ചു

 

    ദേശീയ സംസ്ഥാന പാതയോരങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്ന പരിപാടി ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ അമ്പലനഗര്‍ റോഡിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പരിപാടി  സംഘടിപ്പിക്കുന്നത്. 
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ വ്യാപകമായി തള്ളുന്ന മാലിന്യങ്ങള്‍ രൂക്ഷമായ മാലിന്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് പാതയോര ശുചീകരണ യജ്ഞവും സൗന്ദര്യ വല്‍ക്കരണവും സംഘടിപ്പിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. 

    ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പാതയോരങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കും. പൂന്തോട്ടം, പച്ചക്കറിതോട്ടം, ചുവര്‍ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ സജ്ജമാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ ഇരുവശങ്ങളിലും മരങ്ങള്‍ വെച്ച് പിടിപ്പിക്കും. സെന്‍ട്രല്‍ പോളി ടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍, കരകുളം വി.എച്ച്.എസ്.സിയിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലെ വിദ്യാര്‍ത്ഥികള്‍, ഹരിതകര്‍മ സേന, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി 300 ഓളം വോളന്റിയര്‍മാരാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുക.

    ജില്ലയിലെ നാല് നഗരസഭകളിലൂടെയും 30 ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നു പോകുന്ന ദേശീയ സംസ്ഥാന ഹൈവേയുടെ പാതയോരങ്ങള്‍ അതത് തദ്ദേശ ഭരണ സ്ഥാപങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിക്കും. വട്ടപ്പാറ ജംഗ്ഷനില്‍ ഉദ്ഘാടന പരിപാടിയില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബിജു, കരകുളം പഞ്ചായത്ത് പ്രസിഡന്റ് അനില, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
     (പി.ആര്‍.പി. 67/2020)

date