Skip to main content
തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിയുടെ പ്രചരണ ഭാഗമായി ജില്ല കലക്ടറുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് കൈമാറുന്നു

തപാല്‍ സ്റ്റാമ്പില്‍ സ്വന്തം ചിത്രം: ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പ് ഒട്ടിച്ച് ഒരു കത്തയക്കാന്‍ തോന്നിയിട്ടുണ്ടോ?  മഹാത്മാക്കളും ചരിത്രകാരന്മാരും ഇടം നേടിയ തപാല്‍ സ്റ്റാമ്പില്‍ എന്നാലിനി നിങ്ങളുടെ മുഖവും തെളിയും!  കത്തുകള്‍ കഥ പറഞ്ഞിരുന്ന കാലത്തു നിന്നും നവ മാധ്യമങ്ങളിലേക്കുള്ള ചുവടുമാറ്റത്തില്‍ തളരാതെ കൂടുതല്‍ ജനകീയമാവുകയാണ്  തപാല്‍ വകുപ്പും. മൈ സ്റ്റാമ്പ് എന്ന ആശയത്തിന്റെ  പ്രചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന് അദ്ദേഹത്തിന്റെ ഫോട്ടോ പതിച്ച സ്റ്റാമ്പ് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് അജിത് കുമാര്‍, തലശേരി പോസ്റ്റല്‍ സൂപ്രണ്ട് സി എം ഭരതന്‍, പോസ്റ്റല്‍ വകുപ്പ് മാര്‍ക്കറ്റിങ്ങ് എക്‌സിക്യുട്ടീവ് അനു എന്നിവര്‍ ചേര്‍ന്ന് കൈമാറി.
പുതുതലമുറയെ, പ്രത്യേകിച്ച് കുട്ടികളെ കത്തുകളിലേക്കും തപാല്‍ സംവിധാനങ്ങളിലേക്കും അടുപ്പിക്കുകയാണ് ലക്ഷ്യം. വെറുമൊരു വിവരവിനിമയ മാര്‍ഗം എന്നതിലുപരി കത്തുകള്‍ പലപ്പോഴും സാഹിത്യ സൃഷ്ടികള്‍ കൂടിയാവാറുണ്ട്. പിറന്നാളോ, വിവാഹമോ, ഗൃഹപ്രവേശനമോ എന്തുമാകട്ടെ ഇനി കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണക്കത്തുകള്‍ നമുക്കിഷ്ടമുള്ള ഫോട്ടോയോടു കൂടിയ സ്റ്റാമ്പും പതിച്ച് അയക്കാനാണ് പദ്ധതി അവസരമൊരുക്കുന്നത്. താജ് മഹല്‍, ചെങ്കോട്ട, അജന്ത ഗുഹകള്‍, തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമാണ് നമുക്കാവശ്യമുള്ള ചിത്രമടങ്ങുന്ന സ്റ്റാമ്പ് ലഭിക്കുക.
എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളിലും പദ്ധതിക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ നല്‍കിയാല്‍ 15 മിനിട്ടു കൊണ്ട് സ്റ്റാമ്പ് ലഭിക്കും.  നിശ്ചിത ഫോറം പൂരിപ്പിച്ച് ഫോട്ടോയും അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കണം.
12 സ്റ്റാമ്പുകളുടെ ഒരു ഷീറ്റിന് 300 രൂപയാണ് വില.  ഒരു ഷീറ്റില്‍ കൂടുതല്‍ വേണമെങ്കില്‍ 100 ഷീറ്റ് വരെ 10 ശതമാനവും, അതില്‍ കൂടുതല്‍ ഉള്ളവയ്ക്ക് ഓരോ ഷീറ്റിനും 20 ശതമാനം നിരക്കിലും ഇളവ് ലഭിക്കും.

date