'രോഗപ്രതിരോധം: സമീപന രീതികള്‍ മാറണം'
രോഗപ്രതിരോധത്തിന് നിലവിലുളള സമീപനരീതികളില്‍ മാറ്റംവരേണ്ടതുണ്ടെന്ന് കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി വി രമേശന്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നടത്തിയ പ്രതിരോധമരുന്ന്-ആരോഗ്യ- ശുചിത്വ ബോധവല്‍ക്കരണ ശില്‍പ്പശാലയും പ്രദര്‍ശനവും മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് അല്ലെങ്കില്‍ ആരോഗ്യം,ശുചിത്വം സംബന്ധിച്ച ക്ലാസുകള്‍ സംഘടിപ്പിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊളളണം എന്ന ബോധം പൊതുജനത്തിനും അതിനെ ഉപയുക്തമാക്കണമെന്ന സമീപനം ഡോക്ടര്‍മാര്‍ക്കും ഇല്ലാതെ പോകുന്നുണ്ട്. ഇത് എത്രതന്നെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയാലും അതിന്റെ ലക്ഷ്യം കൈവരിക്കാന്‍ ഇടയാകാത്ത അവസ്ഥ ഉണ്ടാക്കുന്നു. തനിക്ക് വേണ്ട അറിവുകള്‍ എവിടെ നിന്നായാലും സ്വീകരിക്കാനുളള പ്രവണത നമുക്കുണ്ടാകണം. ആതുരസേവനം തങ്ങളുടെ ദൗത്യമാണെന്ന ബോധം ആരോഗ്യസേവകര്‍ക്കും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ റംഷീദ് എച്ച് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ഡിഎംഒ (ആയുര്‍വ്വേദം) ഡോ. എ വി സുരേഷ്, മാസ്മീഡിയ ഓഫീസര്‍ (ആരോഗ്യവകുപ്പ്) എം.എസ് സുജ, ഡോ. രജിതാറാണി (ഹോമിയോ വകുപ്പ്) എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ശുചിത്വമിഷന്റെ ആരോഗ്യ ശുചിത്വ ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി സ്വാഗതവും കാഞ്ഞങ്ങാട് തഹസില്‍ദാര്‍ ശശിധരന്‍ പിളള നന്ദിയും പറഞ്ഞു.ജില്ലാ ഭരണകൂടം, ജില്ലാ ശുചിത്വ മിഷന്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments