Skip to main content

സംസ്ഥാനത്തെ  മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇനി അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ - മന്ത്രി സി രവീന്ദ്രനാഥ്

വിദ്യാഭ്യാസ മേഖലയിലെ  സമഗ്ര വികസനത്തിന്റെ ഭാഗമായി  സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായി അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാവുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈടെക് ബഹുനില കെട്ടിടവും 116-ാം മത് വാര്‍ഷികവും ഉദ്ഘാടനം  ചെയ്യുകയായിരുന്നു  മന്ത്രി.
2020-21 വര്‍ഷം വിദ്യാഭ്യാസ മേഖലയുടെ  സുവര്‍ണകാലഘട്ടമായി മാറും. പാഠപുസ്തകങ്ങളില്‍ ഒതുങ്ങാതെ ചുറ്റുപാടുമുള്ള വിവരങ്ങളെ അറിവാക്കിമാറ്റുന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി അക്കാദമിക നിലവാരത്തില്‍ 82 പോയിന്റുകള്‍ നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കും  ആധുനിക പരിശീലനം നല്‍കിവരുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
300 കോടി രൂപയാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴി ലഭ്യമാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് കോടി രൂപ ചെലവിട്ടാണ് സ്‌കൂളിലെ ഹൈടെക് ബഹുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനായി. പുനലൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ രാജശേഖരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ റെനി ആന്റണി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഐ രാജശ്രീ, വൈസ് പ്രിന്‍സിപ്പല്‍ സി എസ് അമൃത, പുനലൂര്‍ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സുശീല രാധാകൃഷ്ണന്‍, ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍ 651/2020)

date