Skip to main content

അഞ്ചല്‍ ഈസ്റ്റ് ഗവണ്‍മെന്റ് എച്ച് എസ് എസിന് ഹൈടെക്ക് കെട്ടിടം

114 വര്‍ഷത്തെ പൈതൃകമുള്ള അഞ്ചല്‍ ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പുതിയ കെട്ടിടം ഉദ്ഘാടന സജ്ജം. വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത സ്‌കൂളിലാണ് ഹൈടെക് നിലവാരത്തിലുള്ള പുതിയ കെട്ടിടം നിര്‍മിച്ചത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട്  പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ആധുനിക വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍ നിന്നും ലഭിച്ച അഞ്ചുകോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
12,752 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായാണ് കെട്ടിടം. 17 ഹൈടെക് ക്ലാസ് റൂമുകള്‍, ഒരു സ്റ്റാഫ് റൂം, അഞ്ച് ടോയ്‌ലറ്റുകള്‍ എന്നിവയാണുള്ളത്. യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളിലായി ആയിരത്തി മുന്നൂറോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ എല്ലാം ഹൈടെക് പദവിയിലേക്ക് ഉയരുകയാണെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ റെനി ആന്റണി പറഞ്ഞു.

date