Skip to main content

മലയോര ഹൈവേയ്ക്ക് കരുത്ത് പകര്‍ന്ന് സംരക്ഷണ ഭിത്തികള്‍

ജില്ലയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുന്ന മലയോര ഹൈവേയ്ക്ക് കരുത്ത് പകര്‍ന്ന് സംരക്ഷണ ഭിത്തികളുടെ  നിര്‍മാണം പൂര്‍ത്തിയായി. പൂര്‍ത്തീകരണത്തിലേക്ക് എത്തുന്ന മലയോര ഹൈവേയ്ക്ക് രണ്ട് സംരക്ഷണഭിത്തികളാണ് പ്രധാനമായുള്ളത്. മലയോര ഹൈവേ തുടങ്ങുന്ന ഭാഗമായ പുനലൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപവും മേലെ മടത്തറ ജംഗ്ഷനിലുമാണ് കൂറ്റന്‍ സംരക്ഷണ ഭിത്തികള്‍ ഒരുക്കിയിട്ടുള്ളത്. ജംഗ്ഷന്‍ വികസനങ്ങളുടെ ഭാഗമായാണ് സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ചിട്ടുള്ളത്.
പുനലൂര്‍ ദേശീയപാതയ്ക്ക് സമാന്തരമായി വരുന്ന വണ്‍വേ റോഡ് വീതി വര്‍ധിപ്പിച്ചാണ് സംരക്ഷണഭിത്തി നിര്‍മിച്ചത്. നാല് മീറ്റര്‍ ഉയരത്തിലും 75 മീറ്റര്‍ നീളത്തിലുമാണ് ഇവിടുത്തെ സംരക്ഷണഭിത്തി.
മേലെ മടത്തറ ജംഗ്ഷനില്‍ എട്ട് മീറ്റര്‍ ഉയരത്തിലും 150 മീറ്റര്‍ നീളത്തിലുമാണ് കൂറ്റന്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം. 46.1 കിലോമീറ്റര്‍ ദൂരം വരുന്ന ഹൈവേയില്‍ 45.2 കിലോമീറ്റര്‍ ദൂരം ഒന്നാംഘട്ട ടാറിംഗും 11.5 കിലോമീറ്റര്‍ ദൂരം അവസാനഘട്ട ഫിനിഷിങ് ലയര്‍ ടാറിങ്ങും പൂര്‍ത്തിയായി.
201.67 കോടി രൂപ കിഫ്ബി ധനസഹായത്തിലാണ് പുനലൂര്‍ കെ എസ് ആര്‍ ടി സി ജംഗ്ഷന്‍ മുതല്‍ അഗസ്ത്യക്കോട് വരെയും  ആലഞ്ചേരി ജംഗ്ഷന്‍ മുതല്‍ കുളത്തൂപ്പുഴ,  മടത്തറ എന്നിവിടങ്ങളിലൂടെ ചല്ലിമുക്ക് വരെയും മലയോര ഹൈവേ പൂര്‍ത്തിയാകുന്നത്.

date