കോവിഡ് 19; പഞ്ചായത്തുതല ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും
ആഗോളതലത്തില്‍ കോവിഡ് 19 വ്യാപനം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജനകീയ രോഗപ്രതിരോധ സംവിധാനങ്ങള്‍ ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ കൂടുതല്‍ ശക്തമാക്കേണ്ടത് ആവശ്യമാണെന്നും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കൂടുതല്‍ ജാഗ്രത നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. കൊറോണ രോഗപ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ അവലോകനത്തിന് ശേഷം ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബ്രേക്ക് ദ ചെയിന്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി കെ പ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡി വസന്തദാസ് തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ ആര് സന്ധ്യ കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്ലാന്‍ സി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മാസ്കുകളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുതുന്നതിനും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കിയതായും ആംബുലന്‍സ് സേവനവും സജ്ജമാണെന്നും ഡെപ്യൂട്ടി ഡി എം ഒ യോഗത്തെ അറിയിച്ചു.
അടുത്ത രണ്ട് ആഴ്ചകള്‍ നിര്‍ണായകമാണെന്നും കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിന് കരുതലോടെയുള്ള പ്രതിരോധം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി നല്കി.
- Log in to post comments