Skip to main content

ലോക്ക് ഡൗണ്‍: കര്‍ശന നിര്‍ദേശങ്ങളുമായി ജില്ലാ ഭരണകൂടം

 

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുടമായി ജില്ലാ ഭരണകൂടം. ജില്ലയുടെ പരിധിയിലെ ആരാധനാലയങ്ങളിലും പൊതുപ്രാര്‍ഥനാ ഹാളുകളിലും ആകെ അഞ്ചില്‍ കൂടുതല്‍ ആളുകള്‍  ഒത്തുകൂടുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി. കൂടാതെ ആഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ഊട്ടുപുരകള്‍ തുടങ്ങി ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും ഈ ഉത്തരവ് ബാധകമാണ്.
ജില്ലയുടെ പരിധിക്കുള്ളില്‍ വരുന്ന എല്ലാ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും  മാര്‍ച്ച് 31 വരെ അടച്ചിടണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പയായും ചിട്ടിയായും പണവും മറ്റു സാധന സാമഗ്രികളും നല്‍കിയ വകയില്‍ വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ മറ്റെവിടെയെങ്കിലുമോ കയറിയിറങ്ങി പിരിവെടുക്കാന്‍ പാടില്ല.
വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ നീന്തല്‍ പരിശീലനം, തൊഴില്‍ പരിശീലനം, മറ്റു കായിക സാങ്കേതിക പരിശീലനങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു അവധിക്കാല പരിശീലന പരിപാടികളും നടത്താന്‍ പാടില്ല.
നീണ്ടകര, ശക്തികുളങ്ങര, കൊല്ലം പോര്‍ട്ട്, അഴീക്കല്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചും മറ്റ് പൊതുസ്ഥലങ്ങളിലും  നടക്കുന്ന മത്സ്യലേലം പൂര്‍ണമായി  നിരോധിച്ചു. ജില്ലക്ക് പുറത്തുനിന്നും  വാഹനങ്ങള്‍ വന്ന് മത്സ്യം വില്‍പ്പനക്കായി കൊണ്ടുവരുന്നതും  കൊണ്ടുപോകുന്നതും നിരോധിച്ചു. ജില്ലയ്ക്ക് പുറത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ മത്സ്യം കൊണ്ടുപോകാന്‍ അനുവദിക്കുന്നതല്ല. ജില്ലക്ക്  പുറത്ത് നിന്നും മത്സ്യം വില്‍പ്പനക്കായി വിപണന കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്നതും അനുവദനീയമല്ല.
കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന   ബോട്ടുകള്‍  തിരിച്ചുവരുന്ന മുറയ്ക്ക്  ഒരേ സമയം അഞ്ചില്‍ കവിയാത്ത  ബോട്ടുകളുടെ  മത്സ്യം  നിശ്ചിത വിലയ്ക്ക്  വില്‍പ്പന നടത്തുന്നതിന്  പോലീസ് സഹായത്തോടെ നടപടികള്‍ സ്വീകരിക്കും. മത്സ്യഫെഡ് ജില്ലാ മാനേജര്‍, ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അധികൃതര്‍, പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി. മത്സ്യവിപണം നടക്കുമ്പോള്‍ ഒരു പോയിന്റില്‍ യാതൊരു കാരണവശാലും  പത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവാന്‍ പാടില്ല.
ജില്ലയില്‍ കശുവണ്ടി ഫാക്ടറികള്‍ ഉള്‍പ്പെടെ ഒരേ സമയം അന്‍പത്  പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഉത്പാദനശാലകള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം.  നിശ്ചിത അന്‍പത്  പേരില്‍ താഴെ തൊഴിലാളികളെ ക്രമീകരിക്കുന്ന   സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം. ഇവിടെ തൊഴിലാളികള്‍ തമ്മില്‍ കുറഞ്ഞത് ഒരു  മീറ്റര്‍ അകലമെങ്കിലും  ഉറപ്പു വരുത്തുവാന്‍  കഴിയുമെന്ന് ബന്ധപ്പെട്ട  തൊഴില്‍ വകുപ്പ് അധികാരിയില്‍ നിന്നും സാക്ഷ്യപത്രം നേടണം.
അവശ്യസാധനങ്ങള്‍ക്ക് വേണ്ടി കടകളിലും വിപണികളിലും  അനിയന്ത്രിതമായ രീതിയില്‍  തടിച്ചു കൂടുന്നത് ഒഴിവാക്കാന്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തന സമയം നിശ്ചയിച്ച്  ഉത്തരവായി. ഓരോ കുടുംബത്തിലും അംഗങ്ങള്‍ക്ക്  ആവശ്യമായതില്‍ കൂടുതല്‍  സാധനങ്ങള്‍  വാങ്ങി കൂട്ടുന്നത്  ഒഴിവാക്കാന്‍  കടയുടമകളും ശ്രദ്ധചെലുത്തണം.
 അതിഥി തൊഴിലാളികളുടെ താമസസ്ഥലം  പരിശോധിച്ച്  അവിടുത്തെ ശുചിത്വം  ഉറപ്പുവരുത്തണം.  ആവശ്യമെങ്കില്‍ അവരെ മാറ്റിപ്പാര്‍പ്പിച്ച് പ്രത്യേക താമസ സൗകര്യം  ഉറപ്പു വരുത്തുവാന്‍ ജില്ലാ ലേബര്‍ ഓഫീസറെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെയും  ചുമതലപ്പെടുത്തി. പ്രഭാതങ്ങളില്‍  ജോലി തേടി കൂട്ടം കൂടി നില്‍ക്കുന്നതും സായാഹ്നങ്ങളില്‍ ജോലി കഴിഞ്ഞ് ഒത്തു  കൂടി നില്‍ക്കുന്നതും  ഒഴിവാക്കണം.
ഉത്തരവിന് മാര്‍ച്ച് 31 അര്‍ധരാത്രി വരെ പ്രാബല്യം ഉണ്ടായിരിക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കാന്‍  പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51, 56 പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം  269 പ്രകാരവും  നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഉത്തരവ് നടപ്പാക്കുന്നതിനുള്ള ചമുതല ജില്ലാ പോലീസ് മേധാവി കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാര്‍ ആവശ്യപ്പെടുന്ന പക്ഷം ഉത്തരവ് നടപ്പാക്കാന്‍ വേണ്ട നടപടികള്‍ക്ക് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലയിലെ ആറ് താലൂക്ക് തഹസില്‍ദാര്‍മാരെയും അധികാരപ്പെടുത്തി. നിരീക്ഷണത്തിന് കൊല്ലം, പുനലൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരെയും ചുമതലപ്പെടുത്തി.
 

date