കോവിഡ് 19 രോഗബാധ നിയന്ത്രണം: ഡ്രൈവര്‍മാര്‍, മറ്റ് ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കാന്‍ ഡ്രൈവര്‍മാര്‍, ടാക്സികളിലെയും അന്തര്‍സംസ്ഥാന വാഹനങ്ങളിലെയും യാത്രക്കാര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഡ്രൈവര്‍മാരും ജീവനക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഡ്രൈവറും മറ്റ് ജീവനക്കാരും (കണ്ടക്ടര്‍, ക്ലീനര്‍, ഹെല്‍പ്പര്‍മാര്‍) നിര്‍ബന്ധമായും യാത്രാ വേളയിലും പൊതുസ്ഥലങ്ങളിലും മൂന്ന് ലെയര്‍ മാസ്ക് ധരിച്ചിരിക്കണം.
2.ഡ്രൈവര്‍മാരും ജീവനക്കാരും വാഹനത്തിനുള്ളില്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പും ശേഷവും ഹാന്ഡ്വാഷോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകണം.
3. ടാക്സികളില്‍ യാത്രക്കാരെ വാഹനത്തിന്റെ പിന് സീറ്റില്‍ മാത്രം ഇരുത്തുക. മുന്‍ സീറ്റില്‍ ഇരുന്നുള്ള യാത്ര അനുവദിക്കരുത്.
4. യാത്രക്കാര്‍ വാഹനത്തിനുള്ളിലേക്ക് കയറുന്നതിനു മുന്‍പ് മൂക്കും വായും മാസ്ക് ഉപയോഗിച്ച് മറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശം പാലിക്കാത്ത യാത്രക്കാരെ വാഹനത്തിലേക്ക് കയറാന്‍ അനുവദിക്കരുത്.
5. യാത്രക്കാരുമായി എപ്പോഴും പരമാവധി ഒരു മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
6. ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ ബാഗുകള്‍, ഹാന്‍ഡ് ബാഗുകളുള്പ്പടെയുള്ള സാധനങ്ങളില്‍ കഴിവതും തൊടാതിരിക്കുക. പരമാവധി യാത്രക്കാര്‍ തന്നെ അവ കൈകാര്യം ചെയ്യാന്‍ നിര്‍ദേശം നല്‍കുക. അങ്ങനെ സാധിക്കാത്ത സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ ഉടന്‍തന്നെ സോപ്പും , സാനിറ്റെസറും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
7. ടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ ഡ്രൈവറുടേതുള്പ്പടെയുള്ള മുന്‍സീറ്റും പിന്സീറ്റുമായി സുതാര്യമായ തരത്തില്‍, പോളി കാര്‍ബണ്‍ ഷീറ്റ് അല്ലെങ്കില്‍ മറ്റു വസ്തുക്കള്‍ ഉപയോഗിച്ച് കൃത്യമായി വേര്തിരിച്ചിക്കണം.
8. ഡ്രൈവര്‍മാര്‍ വാഹനത്തില്‍ എ.സി. ഉപയോഗിക്കാതെ ജനലുകള്‍ തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കി യാത്ര ചെയ്യണം.
9. ഡ്രൈവര്‍മാര്‍ വാഹനത്തില്‍ സാനിറ്റെസര്‍ കരുതുകയും യാത്രക്കാര്‍ വാഹനത്തില്‍ കയറുന്നതിന് മുമ്പ് കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റെസര്‍ നല്‍കുകയും വേണം.
10. വാഹനത്തിനുള്ളില്‍ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കണം.
11. ഡ്രൈവര്‍ക്ക് പനി പോലുള്ള രോഗലക്ഷണങ്ങളുണ്ടായാല്‍ (പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവ) 0471-2552056 എന്ന ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറിലൊ ഏറ്റവും അടുത്ത് പരിരക്ഷ കിട്ടുന്ന കേന്ദ്രത്തെക്കുറിച്ചറിയാന് 1056 - ലോ വിളിക്കാവുന്നതാണ്.
12. കൈവരികള്‍, ഇരുമ്പഴികള്‍ സ്ഥിരമായി ജനസ്പര്ശമുളള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക.
13. മുഖം, വായ, മൂക്ക്, കണ്ണുകള്‍ എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക
14. മറ്റ് വ്യക്തികളുമായി ഹാന്‍ഡ് ഷേക്ക്, ആലിംഗനം പോലുള്ള ശാരീരിക സ്പര്‍ശനം ഒഴിവാക്കുക
15. യാത്രക്കാരുടെയും വാഹന ജീവനക്കാരുടേയും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുക. ആര്‍ക്കെങ്കിലും പനി പോലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി ദിശ നമ്പറില്‍ വിളിക്കുക.
16. അസുഖബാധിതരായവരെ ആംബുലന്‍സില്‍ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകേണ്ടതാണ്.
17. ഡ്രൈവര്‍മാര്‍ ദൈനംദിന യാത്രക്കാരുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ അടങ്ങിയ ലോഗ് ബുക്ക് സൂക്ഷിക്കേണ്ടതാണ്.
18. സഹ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവരും മുകളില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
19. ഓരോ യാത്രയ്ക്കും ശേഷം വാഹനം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. (ഒരു ശതമാനം ബ്ലീച്ച് ലായിനി, ലൈസോള്‍/സില്വോക്സ്/ ഇക്കോഷീല്ഡ് എന്നിവ ഇതിനായി ഉപയോഗിക്കാം). വൃത്തിയാക്കിയ ശേഷം യാത്രയ്ക്ക് മുമ്പ് വാഹനങ്ങളിലെ ഈര്‍പ്പം ഇല്ലാതാക്കാന്‍ വിന്‍ഡോകള്‍ തുറന്നിട്ടിരിക്കണം.
യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. യാത്രക്കാര്‍ യാത്ര ആരംഭിക്കുന്നതിനു മുമ്പ് പനി, ചുമ, തൊണ്ടവേദന, മറ്റു ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്‍പ്പെട്ട ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പു വരുത്തണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര ചെയ്യരുത്.
2. യാത്രവേളയില്‍ മുഴുവന്‍ സമയവും യാത്രക്കാര്‍ കൃത്യമായി മാസ്കുകള്‍ ധരിച്ചിരിക്കണം.
3. യാത്രാവേളയില്‍ യാത്രക്കാര്‍ തുടര്‍ച്ചയായും വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.
4. യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ ഒന്നിലധികം മാസ്കുകളും സാനിറ്റൈസറും കൈയില്‍ കരുതിയിരിക്കണം.
5. യാത്രാവേളയില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍, ആരോഗ്യപരിരക്ഷ ലഭിക്കാന്‍ ദിശ നമ്പറിലോ സംസ്ഥാനതല ഹെല്പ് ലൈന്‍ നമ്പറിലോ വിളിക്കേണ്ടതാണ്. രോഗലക്ഷണമുളളവര്‍ക്ക് വാഹനത്തില്‍ പ്രത്യേക സീറ്റ് നല്‍കേണ്ടതാണ്.
6. കൂടുതല്‍ യാത്രക്കാരുള്ള വാഹനങ്ങളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാര്‍ ശാരീരിക അകലം പാലിക്കണം.
7. യാത്രക്കാര്‍ പരിമിതമായ ലഗേജുകള്‍ മാത്രം കൈയില്‍ കരുതുക. ഇത് പരമാവധി സ്വയം കൈകാര്യം ചെയ്യുക.
8. യാത്രക്കാരെ യാത്രയാകുന്നതിനോ സ്വീകരിക്കുന്നതിനോ ഒരാളെ മാത്രം ഏര്‍പ്പാടാക്കുക.
- Log in to post comments