ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഹോട്ട്സ്പോട്ട്; ജാഗ്രതാ നിർദേശം നൽകി കടവല്ലൂർ പഞ്ചായത്ത്
തൃശൂർ - പാലക്കാട് ജില്ലാ അതിർത്തിയിലെ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഹോട്ട്സ്പോട്ടായി മാറിയതിനാൽ കടവല്ലൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ഗ്രാമപഞ്ചായത്തും പെരുമ്പിലാവ് പി എച്ച് സിയും. പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ജില്ലാ അതിർത്തി കടന്നുള്ള ദൈനംദിന യാത്രകൾ ഒഴിവാക്കണമെന്നും ഇരു പഞ്ചായത്തുകളിലെയും ആരോഗ്യ വിഭാഗങ്ങൾ മുന്നറിയിപ്പു നൽകി. രണ്ടു പഞ്ചായത്തുകളിലും വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ജനങ്ങളോട് പോക്കുവരവുകൾ തൽകാലം നിർത്തണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇരു പഞ്ചായത്തുകളിലും കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ, സ്ഥിരമായി ജോലി ചെയ്യുന്നവർ, നിത്യേന പോക്കുവരവുള്ളവർ എന്നിവർക്കാണ് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നതെന്ന് പെരുമ്പിലാവ് പി എച്ച് സി അറിയിച്ചു. എന്നാൽ നിരോധാജ്ഞ നിലനിൽക്കുന്ന ചാലിശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ജനമൈത്രി പോലീസ് എന്നിവർ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകി. അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും മാസ്കുകൾ ധരിക്കണമെന്നും ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കച്ചവട സ്ഥാപനങ്ങൾ വൈകീട്ട് അഞ്ചിന് അടയ്ക്കണമെന്നും നിർദ്ദേശമുണ്ട്. രോഗലക്ഷണമുള്ളവർ വിവരം ആരോഗ്യ വിഭാഗത്തെ അറിയിക്കണം. നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചാലിശ്ശേരി ജനമൈത്രി പോലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ നൽകി.
- Log in to post comments