ഫലവൃക്ഷതൈ വിതരണം: ഒന്നാംഘട്ടം ജൂണ്‍ അഞ്ചിന്
ഫലവര്‍ഗങ്ങളുടെ ഉത്പാദനം സംസ്ഥാനത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുകോടി തൈകള്‍ കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. പദ്ധതിയുടെ ഒന്നാംഘട്ടം ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കുമെന്ന് പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. രണ്ടാംഘട്ട തൈവിതരണം ജൂലൈ ആദ്യ ആഴ്ചയില്‍ തിരുവാതിര ഞാറ്റുവേല ചന്തകളുടെ സമയത്ത് നടത്തും. സെപ്റ്റംബര്‍ മാസത്തോടെ തൈകളുടെ വിതരണം പൂര്‍ത്തീകരിക്കും.
കൃഷിഭവനുകള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനം, കുടുംബശ്രീ, എം ജി എന്‍ ആര് ഇ ജി എസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ജില്ലയിലെ വീട്ടുവളപ്പുകള്‍, പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങളുടെ വളപ്പുകള്‍, സ്കൂള്‍ കോമ്പൗണ്ടുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. കൃഷിവകുപ്പിന്റെ കീഴിലുളള ഫാമുകള്‍, വി എഫ് പി സി കെ, കാര്‍ഷിക കര്‍മസേന/അഗ്രോസര്‍വീസ് സെന്റര്‍, കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഒഴികെയുളള ഫലവൃക്ഷ തൈകള്‍ പൂര്‍ണമായും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ എന്നിവയ്ക്ക് 25 ശതമാനം വില ഈടാക്കും. ബാക്കി തുക പഞ്ചായത്ത് ഫണ്ടില്‍ വകയിരുത്തുന്നതിനുളള നടപടികള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ സ്വീകരിച്ചു വരുന്നു. എം ജി എന്‍ ആര് ഇ ജി എസ്/അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്ന തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. വനംവകുപ്പില്‍ നിന്നും ലഭിക്കുന്ന തൈകള്‍ സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കും.
ഒരു കോടി ഫലവൃക്ഷതൈ പദ്ധതിയില്‍ ഗുണഭോക്താവാകാന്‍ താത്പര്യമുളള കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (keralaagriculture.gov.in/krishikeralam.gov.in) ലഭ്യമായ നിര്‍ദിഷ്ഠ ഫോറത്തിലുളള അപേക്ഷകള്‍ fruitplantskollam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് 8593987206, 8589088858 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്.കെ നമ്പര്‍ 1547/2020)
- Log in to post comments