Skip to main content

കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതിക്ക് തുടക്കമായി.

ഊര്‍ജ്ജവകുപ്പിന് കീഴിലുള്ള അനെര്‍ട്ട് പി എം -കുസും പദ്ധതി പ്രകാരം കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതിക്ക് തുടക്കമായി. ഇതിനുള്ള രജിസ്ട്രേഷന്‍ അനെര്‍ട്ട് ജില്ല ഓഫീസില്‍ ആരംഭിച്ചു.   കോവിഡ് 19 ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനും  കര്‍ഷകര്‍ക്ക്  അധിക വരുമാനം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവില്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി യില്‍ നിന്നും കാര്‍ഷിക കണക്ഷനായി എടുത്തു പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതാണ്. കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പുസെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനും ഉപയോഗം കഴിഞ്ഞ് അധികമായി ലഭിക്കുന്ന വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് നല്‍കി കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കാനും സാധിക്കും.  1എച്ച് പി മുതല്‍ 10എച്ച് പി വരെയുള്ള പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാവുന്നതാണ്. ഒരു എച്ച് പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോ വാട്ട് എന്ന കണക്കിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാവുന്നതാണ്്. പമ്പ് കപ്പാസിറ്റിയുടെ ഒന്നര മടങ്ങു പരമാവധി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാവുന്നതാണ്. ഒരു എച്ച് പി പമ്പ് സോളാര്‍ സംവിധാനത്തിലേക് മാറ്റുന്നതിന് 54000 രൂപയാണ്  ചിലവ്. ഇതില്‍ 60 ശതമാനം തുക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയായി നല്‍കും. കര്‍ഷകര്‍ 60 ശതമാനം സബ്‌സിഡി കുറച്ചുള്ള 40 ശതമാനം തുക മാത്രമേ ജില്ലാ ഓഫീസില്‍ നല്‍കേണ്ടതുള്ളൂ.
അഞ്ച് വര്‍ഷം വാറണ്ടിയുള്ള സോളാര്‍ സംവിധാനത്തിനു ബാറ്ററി ഇല്ലാത്തതിനാല്‍ അറ്റകുറ്റപണികള്‍ ഉണ്ടാവില്ല. 1 കിലോ വാട്ട് സോളാര്‍ പാനലില്‍ നിന്നും നാലുമുതല്‍ അഞ്ചു വരെ യൂണിറ്റ് വൈദ്യുതി ലഭിക്കും.
സോളാര്‍ പാനലുകള്‍ക്ക് 20 വര്‍ഷം വാറണ്ടിയാണുള്ളത്. രാവിലെ 7മുതല്‍ വൈകിട്ട് 5 വരെ പമ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്നതാണ്. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ നിഴല്‍ രഹിത സ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തുന്ന കര്‍ഷകര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്

date