തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതുജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം
ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ നിര്‍ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്ദര്‍ശകരുടെ വിവരങ്ങള്‍(പേര്, മേല്‍വിലാസം, സന്ദര്‍ശന സമയം, ഫോണ്‍ നമ്പര്‍, കാണേണ്ട ഉദ്യോഗസ്ഥന്റെ പേര്) പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. ഒരേ സമയം അഞ്ചുപേരില്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് ഓഫീസിനുള്ളില്‍ പ്രവേശനം അനുവദിക്കരുത്.
പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. ഫയല്‍ സംബന്ധമായ അന്വേഷണങ്ങള്‍ ഫോണ്‍ മുഖേന നടത്തണം. സ്ഥാപനങ്ങള്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ഥം വിസിറ്റേഴ്സ് ഹെല്‍പ്പ് ഡെസ്ക് സംവിധാനവും ഫോണ്‍ മുഖേന ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് വാങ്ങാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. പൊതുജനങ്ങള്‍ സാമൂഹിക അകലം അടക്കമുള്ള ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോകോള്‍ പാലിക്കണം. മാസ്ക്/മുഖാവരണം ധരിക്കണം. പൊതുജനങ്ങള്‍ക്കായി സാനിറ്റൈസര്‍, സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സംവിധാനം എന്നിവ സജ്ജീകരിക്കണം. പൊതുജനങ്ങള്‍ സ്ഥാപന പരിസരത്ത് കൂട്ടം കൂടി നില്‍ക്കുകയോ തുപ്പുകയോ മറയില്ലാതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യരുത്. ലിഫ്റ്റുകളില്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. അനുവദനീയമായ ആളുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച് ലിഫ്റ്റിന് പുറത്ത് പ്രദര്‍ശിപ്പിക്കണം. 10 വയസില്‍ താഴെയും 60 വയസിന് മുകളിലും പ്രായമുള്ള ആള്ക്കാര് ഓഫീസ് സന്ദര്‍ശിക്കാന്‍ ഇടവരുത്താത്ത രീതിയില്‍ ഉചിതമായ മാര്‍ഗത്തില്‍ സേവനം നല്‍കണം. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. കാന്റീന്/ലഘുഭക്ഷണശാലകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. സന്ദര്‍ശകര്‍ക്കുള്ള വിശ്രമ മുറികള്‍, ശൗചാലയങ്ങള്‍, കൈകളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഡോര്‍ ഹാന്‍ഡിലുകള്‍, സ്റ്റെയര്‍ കേസ്, ഹാന്‍ഡ് റെയില്‍ തുടങ്ങിയ കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം.
(പി.ആര്.കെ നമ്പര്‍ 1652/2020)
- Log in to post comments