Skip to main content

കൈറ്റിന്റെ സ്‌കൂൾ വിക്കി പ്ലാറ്റ്ഫോമിന് ദേശീയ അവാർഡ്

'അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കിയിൽ ഒരുക്കിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ന് ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ് ലഭിച്ചു. സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിലാണ് 'സ്‌കൂൾ വിക്കി'ക്ക് അവാർഡ്.  വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന അവാർഡ് ദാന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.
കേരളത്തിലെ 15000 സ്‌കൂളുകളെ കോർത്തിണക്കി വിക്കി പ്രവർത്തകരുടെ പങ്കാളിത്തത്തോടെ 2009 ൽ തുടങ്ങിയ 'സ്‌കൂൾ വിക്കി'ക്ക് ഇതിനകം അന്താരാഷ്ട്രതലത്തിൽ സ്റ്റോക്ഹോം ചലഞ്ച് ബഹുമതി ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികൾക്കിടയിലും നമ്മുടെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഡിജിറ്റൽ കരുത്ത് അക്ഷരവൃക്ഷത്തിലൂടെ തെളിയിച്ച എല്ലാ അണിയറ പ്രവർത്തകരെയും കുട്ടികളെയും പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.
പി.എൻ.എക്‌സ്. 2931/2020

date