ലൈഫ് പദ്ധതി : 61 വീടുകള്‍ നിര്‍മ്മിച്ച് വാമനപുരം ബ്ലോക്ക്
എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഈ വര്‍ഷം വാമനപുരം ബ്ലോക്ക് 61 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. ബാക്കിയുള്ള 14 വീടുകളുടെ പണി ഈ മാസം പൂര്‍ത്തിയാക്കുമെന്ന് ബി.ഡി.ഒ അറിയിച്ചു. നന്ദിയോട്, പുല്ലമ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ യഥാക്രമം 13 ഉം 12 ഉം വീടുകള്‍ പൂര്‍ത്തിയായി. പെരിങ്ങമല, വാമനപുരം എന്നീ ഗ്രാമപഞ്ചായത്തുകള്‍ 10 വീതവും, നെല്ലനാട് എട്ടും പാങ്ങോട് അഞ്ചും മാണിക്കല്‍ രണ്ടും കല്ലറയില്‍ ഒരു വീടും നിര്‍മ്മിച്ചു നല്‍കി. ഇതുകൂടാതെ അര്‍ഹരായ മൂന്നുപേര്‍ക്കുകൂടി വീട് വെച്ച് നല്‍കുമെന്നും ബി.ഡി.ഒ അറിയിച്ചു.
ലൈഫ് പദ്ധതിയിലൂടെ പട്ടികവര്‍ഗ വകുപ്പ് 70 ഉം, പട്ടികജാതി വകുപ്പ് 24 വീടുകളും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. പട്ടികജാതി വകുപ്പിന് കീഴില്‍ 19 ഉം, പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ 18 വീടുകളുടെ പണിയും പുരോഗമിക്കുകയാണ്.
(പി.ആര്‍.പി 1740/2018)
- Log in to post comments