Skip to main content

'അഗ്രി-കള്‍ച്ചര്‍' ഓര്‍ഗാനിക് തിയേറ്റര്‍  ഒരുങ്ങുന്നു

 

കൃഷിയും കലയും ചേരുന്ന സാംസ്‌കാരിക പൈതൃകത്തെ പുതുതലമുറയ്ക്കു പരിചയപ്പെടുത്താന്‍ വാമനപുരം കളമച്ചല്‍ പാടത്ത് 'അഗ്രി-കള്‍ച്ചര്‍' ഓര്‍ഗാനിക് തിയേറ്റര്‍ ഒരുങ്ങുന്നു. വിവ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ഭാരത് ഭവനും സംയുക്തമായാണു നാലു മാസം നീളുന്ന കാര്‍ഷിക - സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്. വയലുകള്‍ കൃഷിയോഗ്യമാക്കുകയും പുതുതലമുറയ്ക്കു കൃഷിയും നാടന്‍ കലകളും പരിചതമാക്കുകയുമാണു പരിപാടിയുടെ ലക്ഷ്യം.

വാമനപുരത്തെ 10 ഏക്കറില്‍ ജൈവ നെല്‍കൃഷിക്കൊപ്പം നാടകങ്ങള്‍ക്കും നാടന്‍ പാട്ടുകള്‍ക്കുമായി വേദി ഉണ്ടാകും. കൃഷി പുരോഗമിക്കുന്നതിനൊപ്പം നാടകങ്ങളും നാടന്‍ പാട്ടുകളുമെല്ലാം ഈ വേദിയില്‍ അവതരിപ്പിക്കും. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയിലെ അംഗങ്ങള്‍, കര്‍ഷകര്‍, നാട്ടുകാര്‍, എന്നിവരുടെ പങ്കാളിത്തവും പിന്തുണയും പുതിയ സംരംഭത്തിനൊപ്പമുണ്ട്.

'അഗ്രി-കള്‍ച്ചര്‍' ന്റെ നടീല്‍ ഉത്സവം ഇന്ന് (ജൂലൈ 11) രാവിലെ 11 നു കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' എന്ന നാടകത്തിന്റെ രചിത പാഠത്തിന്റെ ആദ്യ വായന സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. പ്രൊഫ. അലിയാരുടെ നാടക പാഠ പാരായണവുമുണ്ടാകും.
(പി.ആര്‍.പി 1817/2018)

date