Skip to main content

നവീകരിച്ച സോയില്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു

 

സംസ്ഥാനത്തെ 18 ലക്ഷം കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വരുന്ന മാര്‍ച്ചിനുള്ളില്‍ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.  ഇതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മതലത്തില്‍ മണ്ണ് പരിശോധന നടത്തി കര്‍ഷകരെ പരിശീലിപ്പിച്ചാല്‍ 40 ശതമാനം കാര്‍ഷിക ചെലവ് കുറക്കാനും 40 ശതമാനത്തോളം അധിക ഉല്‍പ്പാദനം നേടാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.  പാറോട്ടുകോണം സെന്‍ട്രല്‍ സോയില്‍ അനലിറ്റിക്കല്‍ ലബോറട്ടറി ബില്‍ഡിംഗിലുള്ള നവീകരിച്ച സംസ്ഥാന സോയില്‍ മ്യൂസിയം ഉല്‍ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സോയില്‍ ഹെല്‍ത്ത് വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ഏതാനും മാസങ്ങള്‍ക്കകം സംസ്ഥാനത്താകമാനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ തൃശൂരില്‍ മാത്രമാണ് ഈ സംവിധാനം ഉള്ളത്.  ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മികച്ച സോയില്‍ മ്യൂസിയമാണ് പാറോട്ട്‌കോണത്തേതെന്നും  പൊതുജനങ്ങള്‍, കര്‍ഷകര്‍, കാര്‍ഷിക ഗവേഷകര്‍ തുടങ്ങിയവര്‍ മ്യൂസിയം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന സഹകരണ - ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  പറഞ്ഞു.  തിരുവനന്തപുരം ജില്ലയിലെ മണ്ണ് വിവരങ്ങള്‍ അടങ്ങിയ അനന്തപുരിയുടെ മണ്ണറിവ് എന്ന കൈപ്പുസ്‌കത്തിന്റെ പ്രകാശനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.  

ചടങ്ങിനോടനുബന്ധിച്ച് സൂക്ഷ്മ നീര്‍ത്തട അറ്റ്‌ലസുകളുടെ പ്രകാശനം ഹരിത കേരളമിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍. സീമ നിര്‍വഹിച്ചു.  നഗരസഭാ കൗണ്‍സിലര്‍ ത്രേസ്യാമ്മാ തോമസ്, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ, പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റ് എം. അനില്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. മ്യൂസിയം നവീകരണത്തിനും നീര്‍ത്തട അറ്റ്‌ലസ് രൂപീകരണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്കുള്ള പ്രശംസാപത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. 
(പി.ആര്‍.പി. 1979/2018)

date