ഇരവിപുരം നവകേരള സദസ് അതിജീവിക്കാന്‍ തീരുമാനിച്ചവരാണ് നമ്മള്‍ : മുഖ്യമന്ത്രി
നേരിട്ട പ്രതിസന്ധികളില്‍ ഒരിക്കല്‍പോലും തളാരാതെ അതിജീവിച്ചേ മതിയാകൂ എന്ന തീരുമാനവുമായി എല്ലാ കാലത്തും നിലകൊണ്ട സമൂഹമാണ് കേരളത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കന്റോണ്‍മെന്റ് മൈതാനിയില്‍ ഇരവിപുരം നിയോജകമണ്ഡല നവകേരളസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം, ഓഖി, നിപ, കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ മഹാമാരികള്‍ എല്ലാം ഒറ്റക്കെട്ടായി അതിജീവിച്ചു. രാഷ്ട്രീയ സങ്കുചിതമനോഭാവത്തെ പിന്തള്ളിയായിരുന്നു അതിജീവനം. സമാനമായ സാഹചര്യങ്ങളിലൂടെയാണ് നാട് കടന്നുപോകുന്നത്. കേരളത്തിനോടുള്ള വൈരാഗ്യം സാമ്പത്തികകാര്യങ്ങളില്‍ ഭരണഘടനാ വിരുദ്ധമായിട്ടുള്ള ഇടപെടലുകളിലേക്കാണെത്തിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന്റെ ശേഷിയേക്കാള്‍ അധികം പണം വിനിയോഗിച്ചാണ് പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും നിറവേറ്റുന്നത്. കിഫ്ബി പോലെയുള്ള ബദല്‍ സംവിധാനങ്ങളെ പുരുജ്ജീവിപ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്.
ആരോഗ്യ-പൊതുവിദ്യാഭ്യാസ മേഖലകളില്‍ കാലികഇടപെടലുകള്‍ക്ക് കിഫ്ബി വഴി യൊരുക്കി. ആഭ്യന്തര-തനത്-പ്രതിശീര്‍ഷ വരുമാനങ്ങളില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നതും. അര്‍ഹമായ വിഹിതങ്ങള്‍ നല്‍കാതെയും സംസ്ഥാനത്തിന്റെ കടമെടുക്കല്‍ അവകാശങ്ങളില്‍ കൈകടത്തിയും കേരളത്തിനെ വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കുന്ന നടപടികളാണ് അധികാരപ്പെട്ടവര്‍ സ്വീകരിച്ചു വരുന്നത്. സാമൂഹ്യ പെന്‍ഷന്‍ നല്‍കാന്‍ ആരംഭിച്ച കമ്പനിയുടെ കടവും കിഫ്ബിയുടെ കടവും പൊതുകടമായി കണക്കാക്കും എന്നത് തന്നെ പ്രത്യക്ഷ ഉദാഹരണം.
പ്രളയകാലത്തു പ്രത്യേക പാക്കേജുകള്‍ നല്‍കാതെയും വിദേശരാജ്യങ്ങളുടെ സഹായങ്ങള്‍ നിഷേധിക്കാന്‍ മന്ത്രിമാര്‍ക്ക് യാത്ര അനുമതി നിഷേധിച്ചും കേരള വിരുദ്ധത പ്രകടമാക്കി. മന്ത്രിസഭയൊന്നാകെ ജനങ്ങളെ നേരിട്ട് കണ്ട് സംവദിക്കുന്ന നവകേരള സദസ്സിനു എല്ലായിടത്തും വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. ഒരു പന്തലിനും ഒരു മൈതാനത്തിനും ഉള്‍കൊള്ളാന്‍ കഴിയാത്ത ജനസഞ്ചയമാണ് ഓരോ സദസ്സിലും ഒഴുകി എത്തുന്നത്. അങ്ങനെ ഒരു പരിപാടിയെ പോലും ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് എന്തിനാണ് ആഹ്വാനം ചെയ്തത് എന്ന് വിശദീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടെ നേടിയവയാണ്. അങ്ങനെ ഒരു സര്‍ക്കാരിന്റെ മുന്നോട്ട് പോക്കിന് 'നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പൊയ്‌ക്കോളൂ ഞങ്ങളുണ്ട് കൂടെ ' എന്ന ധൈര്യമാണ് ജനങ്ങള്‍ നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ആര്‍ ബിന്ദു, സജിചെറിയാന്‍, പി പ്രസാദ് എന്നിവര്‍ സംസാരിച്ചു. എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, കെ രാജന്‍, കെ രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, മുഹമ്മദ് റിയാസ്, ആന്റണി രാജു, വി എന്‍. വാസവന്‍, കെ. കൃഷ്ണന്‍കുട്ടി, വീണാ ജോര്‍ജ്, വി അബ്ദുറഹ്മാന്‍, ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, പി രാജീവ്, റോഷി അഗസ്റ്റിന്‍, ചീഫ് സെക്രട്ടറി ഡോ വി വേണു, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി കെ ഗോപന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments