ദുരിതാശ്വാസനിധിയിലേക്ക് പെന്‍ഷന്‍കാരുടെ വക 11.5 ലക്ഷം
നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി പെന്‍ഷനേഴ്സ് ഫോറം നല്‍കിയത് പതിനൊന്നര ലക്ഷം രൂപ. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധനസമാഹരണ ക്യാമ്പിലാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് വിരമിച്ചവരില്‍ നിന്ന് സമാഹരിച്ച 11,50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
ആയിരത്തിലധികം വരുന്ന അംഗങ്ങളില്‍ നിന്നായി നൂറു രൂപ മുതല്‍ 50000 രൂപ വരെ സമാഹരിച്ചാണ് യൂനിവേഴ്സിറ്റി പെന്‍ഷനേഴ്സ് ഫോറം ഭാരവാഹികള്‍ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയത്. ഒരു മാസത്തെ പെന്ഷന് തുക പൂര്‍ണമായും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതിന് പുറമെയാണിത്. പെന്‍ഷനേഴ്സ് ഫോറം പ്രസിഡന്റ് കെ.പി പോള്‍, സെക്രട്ടറി കെ ജനാര്ദ്ദനന്, ഭാരവാഹികളായ ടി.പി ഗോപി, കായമ്പടം വേലായുധന്, വി.പി സദാനന്ദന്, എം വിജയന്, എം രാജന് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.
- Log in to post comments