തൃശ്ശൂരിന്റെ തൊഴിൽ പൂരം ഇന്ന്; പങ്കെടുക്കുന്നത് ആയിരകണക്കിന് ഉദ്യോഗാർത്ഥികൾ
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ഇന്ന് (26-04-2025) ഗവ എഞ്ചിനീയറിങ് കോളേജ്, വിമല കോളേജ് എന്നിവിടങ്ങളിലായി നടക്കും. 25000 ത്തിലധികം പേരാണ് ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഇതുവരെ രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. 151 തൊഴിൽ ദാദാക്കളിൽ നിന്നും 577 വ്യത്യസ്ത തരം മേഖലകളിലായി 35000 തൊഴിലുകൾ വിജ്ഞാന തൃശ്ശൂരിലൂടെ നൽകാനാണ് ലക്ഷ്യമിടുന്നത്. മേളയുടെ രജിസ്‌ട്രേഷൻ തൃശ്ശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് രാവിലെ 8.30 ന് ആരംഭിക്കും. പത്ത് എംപ്ലോയർമാർ പങ്കെടുക്കുന്ന വിർച്ച്വൽ ജോബ് ഫെയറും അപ്പ്രെന്റിസ്‌ഷിപ്പ് ഡ്രൈവും ഇൻഫ്ലുവൻസേഴ്സ് മീറ്റും മെഗാ ജോർജിന്റെ ഭാഗമായി നടക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഉദ്‌ഘാടന ചടങ്ങുകൾ പൂർണ്ണമായി ഒഴിവാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. മെഗാ ജോബ് ഫെയറിന് മുന്നോടിയായി സംഘടിപ്പിച്ച വെർച്ചൽ മേളകളിൽ തൊഴിൽ ലഭിച്ച 617 ഉദ്യോഗാർഥികളുടെ ഓഫർ ലെറ്ററുകളും തൊഴിലിലേക്കുള്ള ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട 512 പേർക്കുള്ള സർട്ടിഫിക്കറ്റുകളും ജോബ് സ്റ്റേഷനുകൾ വഴി വിതരണം ചെയ്യും.
തൊഴിൽ പൂരത്തിന് വരുന്ന ഉദ്യോഗാർഥികൾക്കായി വടക്കേ സ്റ്റാന്റിൽ നിന്നും രാവിലെ മുതൽ ഗവ എഞ്ചിനീയറിംഗ് കോളേജിലേക്ക് കൂടുതൽ ബസ് സർവീസുകൾ കെ എസ് ആർ ടി സി സജ്ജീകരിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനായി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കും. വാഹനങ്ങളുടെ പാർക്കിങ്ങിനായി ഫയർ അക്കാഡമി, ഡയറ്റ്, രാമവർമ്മപുരം ഗവ. വി എച്ച് എസ് ഇ എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ സൗകര്യത്തിനായി കുടുംബശ്രീയുടെ ഫുഡ് കോർട്ടുകൾ തൊഴിൽ മേള നടക്കുന്ന രണ്ട് കോളേജുകളിലും പ്രവർത്തിക്കും. തൊഴിൽ മേളയുടെ സുഗമമായ നടത്തിപ്പിനായി എൻ എസ് എസ്, എൻ സി സി വോളന്റിയർമാരുടെ സേവനവും ഒരുക്കും.
കെ-ഡിസ്ക്, കില, ഐ സി റ്റി അക്കാദമി, കുടുംബശ്രീ തുടങ്ങിയ സർക്കാർ ഏജൻസികളും ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, തൊഴിൽ-വ്യവസായ വകുപ്പ് മുതലായ സർക്കാർ വകുപ്പുകളും, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, തൃശ്ശൂർ മുനിസിപ്പൽ കോർപറേഷൻ, തൃശ്ശൂർ ജില്ലയിലെ മുനിസിപ്പാലിറ്റികളും, ബ്ലോക്ക് പഞ്ചായത്തുകളും, ഗ്രാമപഞ്ചായത്തുകളും മെഗാ തൊഴിൽമേളയിലെ സജീവ പങ്കാളികളാണ്.
- Log in to post comments