കാക്കി അണിയാനും ജയിലിൽ കിടക്കാനും അവസരമൊരുക്കി പോലീസ്
പോലീസാകണോ...അതോ പ്രതിയാകണോ... രണ്ടിനും അവസരമൊരുക്കുകയാണ് നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേള. മേളയിലെ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇതിനുള്ള അവസരം. ജയിലിൽ കിടന്നും പോലീസായും ഫോട്ടോയെടുക്കാൻ ക്യൂവാണിവിടെ. അതോടൊപ്പം, അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പോലീസ് വകുപ്പിനെ ബന്ധപ്പെടാനുള്ള നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള സ്വയം പ്രതിരോധ മാർഗങ്ങളും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. ഗ്രനേഡുകൾ, പിസ്റ്റളുകൾ, റിവോൾവറുകൾ, ബുള്ളറ്റ്സ്, വയർലസ് ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൈബർ സുരക്ഷയേക്കുറിച്ചുള്ള അവബോധന ക്ലാസും ക്വിസ് മൽസരവും ഇവിടെ സംഘടിപ്പിക്കുന്നു. അതേ സമയം, ജില്ലാ ജയിലിന്റെ സ്റ്റാളിലും തിരക്കേറുകയാണ്. എങ്ങനെയാണ് ഒരു ജയിലിലെ സെൽ ഉള്ളതെന്നും പ്രതിയ്ക്ക് എന്തൊക്കെ സാധനങ്ങളാണ് സെല്ലിൽ നൽകുന്നതെന്നും കാണിച്ചിട്ടുണ്ട്. തൂക്കു കയറും ജയിലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം മാത്രമല്ല, വിപണനവും ഇവിടെ തകൃതിയായി നടക്കുന്നു. ജയിൽ നിവാസികൾ നിർമിക്കുന്ന കരകൗശല വസ്തുക്കൾ, കുടകൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഇവിടെ നിന്ന് വാങ്ങാം.
- Log in to post comments