ആരോഗ്യമികവിന്റെ കണ്ണായി കണ്ണൂര്‍; ഉയര്‍ന്നത് സമഗ്ര മുന്നേറ്റത്തിന്റെ മാതൃക
രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിപുലമായ ആരോഗ്യപരിപാലന ശൃംഖല അതിന് തെളിവാണ്. കേരളത്തിന്റെ സമഗ്ര ആരോഗ്യ മുന്നേറ്റത്തിന്റെ പാതയില്‍ കണ്ണൂരും കുതിക്കുകയാണ്. ജില്ലയില്‍ അര്‍ദ്രം മിഷന്റെ ഭാഗമായി 82 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയും നിരവധി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയും ചെയ്തു. ഒരു ഡോക്ടറുടെ സേവനം മാത്രം ലഭ്യമായിരുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. പ്രവര്‍ത്തന സമയം വൈകിട്ട് ആറ് മണിവരെ ദീര്‍ഘിപ്പിച്ചത് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമായി. ശുദ്ധജല സൗകര്യം, രോഗികള്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, മുലയൂട്ടല്‍ കോര്‍ണര്‍, ശൗചാലയം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍, കൃത്യമായ ടോക്കണ്‍ സിസ്റ്റം, പ്രീ ചെക്ക് ഏരിയ, ടെലിവിഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കി. ഉളിക്കല്‍, മയ്യില്‍, ചെറുകുന്ന്, ആറളം ഫാം തുടങ്ങിയ 14 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, പന്നിയന്നൂര്‍, കൂവോട്, എരുവേശി തുടങ്ങിയ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡെന്റല്‍ ചെയര്‍സ്, മൈക്രോസ്കോപ്സ്, ഓട്ടോമാറ്റഡ് ലാബ് സിസ്റ്റംസ്, പുതിയ കെട്ടിടങ്ങള്‍, വെയ്റ്റിംഗ് ഏരിയ സൗകര്യങ്ങള്‍ എന്നിവ സ്ഥാപിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ശ്വാസകോശ രോഗങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള ശ്വാസ് ക്ലിനിക്കുകളും 'ആശ്വാസ്' എന്ന പേരില്‍ മാനസികാരോഗ്യ സംരക്ഷണ പരിപാടികള്‍ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആരംഭിച്ചു.
ജില്ലാശുപത്രിയിലേക്ക് വലിയ ചുവടുവെപ്പ്
ജില്ലാ ആശുപത്രിയായ കണ്ണൂര്‍ മെഡിക്കല്‍ സെന്ററിനെ ആധുനിക തലത്തിലേക്ക് ഉയര്‍ത്താന്‍ കെ ഐ ഐ എഫ് ബി ഫണ്ടിംഗ് വഴിയൊരുക്കി. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, സര്‍ജിക്കല്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിര്‍മാണവും നവീകരണവുമാണ് പ്രധാന നേട്ടങ്ങള്‍. കൂടാതെ, ശുദ്ധജല ശേഖരണ സംവിധാനം, സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ആന്തരിക റോഡുകള്‍, കോംപൗണ്ട് വാള് എന്നിവയും നിര്‍മ്മിച്ചു. മൊത്തം 76.44 കോടി രൂപയുടെ അഡ്മിനിസ്ട്രേറ്റീവ് അനുമതിയോടെയും 61.71 കോടി രൂപയുടെ ടെക്നിക്കല്‍ അനുമതിയോടെയും പദ്ധതികള്‍ നടപ്പാക്കി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒ പി ബ്ലോക്ക്, നിയോനാറ്റല്‍ കെയര്‍ യൂണിറ്റുകള്‍, പീടിയാട്രിക് ഐ സി യു, ഒ ടി കോംപ്ലക്സ് എന്നിവ നവീകരിച്ചു. കോവിഡ് കാലത്ത് എം എല്‍ എ ഫണ്ടിന്റെ സഹായത്തോടെ ഓക്സിജന്‍ ജനറേറ്ററും സ്ഥാപിച്ചു. എന്‍ എച്ച് പദ്ധതിയിലൂടെ ലേബര്‍ റൂം, ലാബ് സംവിധാനം എന്നിവ മെച്ചപ്പെടുത്തി. കൂത്തുപറമ്പ്, പയ്യന്നൂര്‍, പേരാവൂര്‍ തുടങ്ങിയ താലൂക്കാശുപത്രികളിലും ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ഡിജിറ്റല്‍ സേവനങ്ങള്‍ പ്രാപ്തമാക്കുകയും ചെയ്തു. കൂത്തുപറമ്പ് ആശുപത്രിയില്‍, രജിസ്ട്രേഷന് മുതല്‍ ലാബ് ബുക്കിങ്ങ് വരെ ഓണ്‍ലൈന്‍ സംവിധാനത്തിലായി.
മികവോടെ മെഡിക്കല്‍ കോളേജ്
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തില്‍ കോളേജും അതിന്റെ ആശുപത്രിയും അതിവേഗം പുരോഗതിയുടെ പാതയിലായി. സൗജന്യ ഒ.പി, ഫാര്‍മസി, അതിഥി തൊഴിലാളികള്‍ക്കായുള്ള വാര്‍ഡുകള്‍, നവീകരിച്ച ഐ.സി.യു എന്നിവ രോഗികള്‍ക്ക് വലിയ ആശ്വാസമാണ്. പുതുതായി സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റും അത്യാധുനിക കാത്ത് ലാബും ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും ആശുപത്രിയുടെ നിലവാരത്തില്‍ വലിയ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് സ്വകാര്യ ആശുപത്രികളിലെ കനത്ത ചെലവില്‍ നിന്ന് രക്ഷനേടാനായി. അത്യാധുനിക ലബോറട്ടറി സംവിധാനമായ വൈറല്‍ റിസര്‍ച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറി, സ്ട്രോക്ക് യൂണിറ്റിനുള്ള അംഗീകാരം എന്നിവആരോഗ്യരംഗത്തെ നവീകരണത്തിന്റെ തെളിവുകളാണ്.
അര്‍ബുദത്തെ കീഴടക്കുന്ന ആശ്രയ കേന്ദ്രം
മലബാര്‍ കാന്‍സര്‍ സെന്റര്‍ ആരോഗ്യ രംഗത്തെ മറ്റൊരു നാഴികക്കല്ലാണ്. റോബോട്ടിക് ശസ്ത്രക്രിയ, കാര്‍ടി സെല്‍ തെറാപ്പി, ഒക്യുലാര്‍ ഓങ്കോളജി, ഹെമറ്റോപോയിറ്റിക് സ്റ്റം സെല്‍ ട്രാന്സ്പ്ലാന്റേഷന് എന്നിവയ്ക്ക് വേണ്ടി ഇന്ന് സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുള്ള സര്‍ക്കാര്‍ സ്ഥാപനമായി എംസിസി മാറി. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമെന്ന അംഗീകാരവും അതിന് ലഭിച്ചു. 97.65 കോടി രൂപയുടെ പഠന സൗകര്യങ്ങളും ചികിത്സ സംവിധാനവും ഉള്‍ക്കൊള്ളുന്ന പുതിയ ബ്ലോക്ക്, രോഗികളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍മിച്ച നൂതന ലബോറട്ടറികളും ഓപ്പറേഷന് തിയേറ്ററുകളും, ഇന്‍ഫ്യൂഷന്‍ മോണിറ്ററിംഗ് സംവിധാനവും, എല്ലാ തലത്തിലും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സേവന നിലവാരം ഉയര്‍ത്തുകയാണ്.
ആയുര്‍വേദത്തിന്റെ ആഴങ്ങള്‍ തേടി
ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിനും അമൂല്യമായ ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സംസ്ഥാന വികസനത്തിന് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും 311 ഏക്കറിലാണ് പടിയൂരില്‍ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. 300 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ സമന്വയിപ്പിച്ചുകൊണ്ടുള്ള ക്ലിനിക്കല്‍ റിസര്‍ച്ച്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി എന്നിവ ഗവേഷണ കേന്ദ്രത്തിലുണ്ടാവും. ജീവിത ശൈലീ രോഗങ്ങള്‍, വാര്‍ധക്യകാല രോഗ ചികിത്സ എന്നിവയില്‍ ഗവേഷണ പരിപാടികള്‍, വൈദ്യശാസ്ത്ര അറിവുകളാല്‍ അമൂല്യമായ താളിയോലകളും കൈയെഴുത്തു പ്രതികളുടെയും സംരക്ഷണവും ഡിജിറ്റലൈസേഷനും പദ്ധതിയുടെ ഭാഗമായി ഒരുങ്ങും. അന്താരാഷ്ട്ര മ്യൂസിയം, അത്യാധുനിക സൗകര്യങ്ങളുള്ള റിസര്‍ച്ച് സെന്ററും 100 കിടക്കകളുള്ള ആശുപത്രിയുമാണ് ഒന്നാം ഘട്ടത്തില്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ വയോജനങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍, കാന്‍സര്‍ എന്നിവയില്‍ ഗവേഷണം ആരംഭിക്കും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാര്ക്കുള്ള ക്വാര്‍ട്ടേഴ്സ്, ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ഥികള്‍ക്കമുള്ള ഹൗസിംഗ് സംവിധാനം എന്നിവ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാകും. പൊതുജന ആരോഗ്യ മേഖലയില്‍ വമ്പന്‍ കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. സ്വകാര്യമേഖലയെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് ഓരോ ഘട്ടവും മുന്നോട്ടു കൊണ്ടുപോയത്. ആരോഗ്യ സംബന്ധമായ എന്ത് ആവശ്യത്തിനും ആശ്രയിക്കാവുന്ന തരത്തില്‍ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ മാറി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ മികവിന്റെ കേന്ദ്രങ്ങളായി മാറി എന്നത് ജനങ്ങള്‍ക്ക് അനുഭവവേദ്യമാവുകയാണ്. കേരളത്തിന്റെ ആരോഗ്യ മുന്നേറ്റത്തോടൊപ്പം കണ്ണൂരിന്റെ ആതുരസേവന ചിത്രവും മാറുകയാണ്, മികവിന്റെ പുതിയ ഉയരങ്ങളിലേക്ക്.
- Log in to post comments