റോബോട്ടിക് ഫയർ ഫൈറ്റിങ്ങുമായി അഗ്നി സുരക്ഷാ സേന
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ശ്രദ്ധയാകർഷിച്ച് അഗ്‌നി സുരക്ഷാ സേനയുടെ റോബോട്ടിക് ഫയർ ഫൈറ്റിങ് ഉപകരണം. നൂതന സാങ്കേതിക വിദ്യയിലുള്ള ഈ ഉപകരണം അമേരിക്കൻ കമ്പനിയായ ഷാർക്കാണ് ലഭ്യമാക്കിയത്.
പരിധിക്കപ്പുറം തീപിടുത്തം ഉണ്ടായാൽ തീയുടെ വളരെ അടുത്ത് ചെന്ന് രക്ഷാപ്രവർത്തനം നടത്താൻ റോബോട്ടിക് ഫയർ ഫൈറ്റിംഗ് ഉപകരണത്തിന് സാധിക്കും. കൂടുതൽ നിലകളുള്ള കെട്ടിടങ്ങൾക്ക് തീ പിടിക്കുന്ന സാഹചര്യങ്ങളിൽ അതിവേഗം പടവുകൾ കയറിയെത്തും ഈ റോബോട്ട്
ക്യാമറ ഘടിപ്പിച്ച മോണിറ്റർ ഉപയോഗിച്ചാണ് റോബോട്ടിക് ഫയർ ഫൈറ്റിംഗ് ഉപകരണം നിയന്ത്രിക്കുന്നത്. തെർമൽ മോഡ് ആണ് മോണിറ്ററിന്റെ പ്രത്യേകത. തെർമൽ മോഡിലൂടെ രാത്രിയിൽ ദൃശ്യങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും. തകർന്ന നിലയിലുള്ള കെട്ടിടങ്ങളിൽ ആരെങ്കിലും അകപ്പെട്ടാൽ തെർമൽ മോഡ് ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും. തീ പിടിക്കാത്ത സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ തന്നെ എത്ര തീഷ്ണമായ അഗ്നിയെയും അതിജീവിക്കാൻ ഈ ഉപകരണത്തിന് സാധിക്കും.
കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് റോബോട്ടിക് ഫയർ ഫൈറ്റിംഗ് ഉപകരണം ഉപയോഗിക്കുന്നത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നാടിൻ്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കേരളം മുന്നിൽ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് സംസ്ഥാന അഗ്നി സുരക്ഷാ സേന.
*ഫോട്ടോ അടിക്കുറിപ്പ്*
എൻറെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയിരിക്കുന്ന കേരള അഗ്നിസുരക്ഷാസേനയുടെ റോബോട്ടിക് ഫയർ ഫൈറ്റിംഗ് ഉപകരണം
- Log in to post comments