എഴുകോണിൽ ആർ ജി സി ബിയുടെ ലാബ് പ്രവർത്തനം തുടങ്ങി അപൂർവ രോഗങ്ങൾ കണ്ടെത്താൻ കൂടുതൽ ലാബുകൾ : മന്ത്രി കെ എൻ ബാലഗോപാൽ
ബയോടെക്നോളജി ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രത്തിന്റെ കൂടുതൽ ലാബുകൾ ജില്ലയിൽ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. എഴുകോൺ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ചീരങ്കാവിൽ ആരംഭിച്ച ആർ ജി സി ബിയുടെ പുതിയ മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപൂർവ രോഗങ്ങൾ പ കണ്ടെത്താനും പ്രതിരോധിക്കാനും അഡ്വാൻസ്ഡ് വൈറോളജി, ബയോടെക്നോളജി മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കും. കേന്ദ്ര സർക്കാരിന് 2006ൽ സംസ്ഥാനം കൈമാറിയ ആർ ജി സി ബി ഉൾപ്പെടെയുള്ള ഒട്ടേറെ മികച്ച സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. കുറഞ്ഞ ചിലവിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനമായി എഴുകോണിലെ ലാബ് മാറുമെന്നും മന്ത്രി പറഞ്ഞു.
കിടപ്പുരോഗികൾ, വയോജനങ്ങൾ, ഗർഭിണികൾ, കുഞ്ഞുങ്ങൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവരുടെ രക്തസാമ്പിളുകൾ വീടുകളിൽപ്പോയി ശേഖരിക്കുന്നത്തിന് പ്രത്യേക പരിശീലനം ലഭിച്ച ടെക്നിഷ്യൻമാരടങ്ങുന്ന ഹോം കലക്ഷൻ സംവിധാനവും യൂണിറ്റുകളിൽ ഉണ്ടാകും എന്നും അറിയിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം പി അധ്യക്ഷനായി.
എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ. ചന്ദ്രബോസ് നാരായണ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments