Skip to main content

*മെഡിക്കൽ കോളേജ് 33 കെ.വി. സബ്സ്റ്റേഷൻ; ലീസ് എഗ്രിമൻ്റ് ഒപ്പിട്ടു*

മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ 7.40 കോടി രൂപ വിനിയോഗിച്ച് പുതിയ 33 കെ.വി. സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 20 സെൻ്റ് ഭൂമി കെ.എസ്.ഇ.ബി.ക്ക് കൈമാറി ലീസ് എഗ്രിമെൻ്റായതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.

മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ 33 കെ.വി. സബ്‌സ്റ്റേഷനും മെഡിക്കൽ കോളേജ് സെക്ഷൻ ഓഫീസും സ്ഥാപിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കൈവശമുള്ള 20 സെന്റ് ഭൂമി 1,02,516 രൂപ വാർഷിക പാട്ടനിരക്കിൽ 30 വർഷത്തേക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് പാട്ടത്തിന് നൽകി റവന്യു വകുപ്പ് ഉത്തരവായിരുന്നു. തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, കെ.എസ്.ഇ.ബി. തൃശ്ശൂർ ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോഷി പി ചിറ്റിലപ്പിള്ളി എന്നിവർ ലീസ് എഗ്രിമെൻ്റിൽ ഒപ്പ് വെച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, ഡെപ്യൂട്ടി കളക്ടർ എം സി ജ്യോതി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി എസ് ഇന്ദു, കെ.എസ്.ഇ.ബി. ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കൃഷ്ണകുമാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാധിക, ഡോ. സി രവീന്ദ്രൻ, കെ.എസ്.ഇ.ബി. ട്രാൻസ്മിഷൻ ഡിവിഷൻ സബ് എഞ്ചിനീയർ കെ എം ജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മുണ്ടൂർ അത്താണി, കിരാലൂർ, വേളക്കോട് വ്യവസായ മേഖലകളിലേക്കും ഗുണമേന്മയുള്ള വൈദ്യുതിയുടെ തടസ്സരഹിതമായ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് പുതിയ സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്. 110 കെ.വി. അത്താണി സബ്സ്റ്റേഷനിൽ നിന്നും വിദൂരനിയന്ത്രണ സംവിധാനത്തോടെ പ്രവർത്തിപ്പിക്കാവുന്ന രണ്ട് അഞ്ച് എം.വി.എ ട്രാൻസ്ഫോർമറുകൾ അടങ്ങിയ സബ്സ്റ്റേഷൻ, കൺട്രോൾ റൂം, ഇ.വി. ചാർജ്ജിംഗ് സ്റ്റേഷൻ, ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് തുടങ്ങിയവ അടങ്ങിയ 7.40 കോടി രൂപയുടെ പദ്ധതിക്കാണ് കെ.എസ്.ഇ.ബി. ഭരണാനുമതി നൽകിയത്. സബ്സ്റ്റേഷൻ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് സെക്ഷൻ ഓഫീസ് വിഭാവനം ചെയ്തിരിക്കുന്നത്.

മെഡിക്കൽ കോളേജ് ഇലക്ട്രിക്കൽ സെക്ഷന് സ്ഥിരം ഓഫീസ് ഇല്ലാതെ നിലവിൽ വിവിധ കെട്ടിടങ്ങളിൽ വാടകയ്ക്ക് പ്രവർത്തിച്ചുവരികയാണ്. സ്ഥിരം ഓഫീസ് അനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. മുണ്ടൂരിലെ 33 കെ.വി. സബ്സ്റ്റേഷൻ നിലവിൽ ഓവർലോഡ് ആയതിനാൽ വോൾട്ടേജ് കുറയുന്ന പ്രശ്നം നേരിടാറുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം പരിഗണിച്ചും, നിർമ്മാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, മദർ & ചൈൽഡ് ബ്ലോക്ക്, ക്രിട്ടിക്കൽ കെയർ ബ്ലോക്ക് എന്നിവ പൂർത്തിയാകുമ്പോൾ അവയുടെ പ്രവർത്തനത്തിന് അധിക വൈദ്യുതി ആവശ്യം വരുന്നത് പരിഗണിച്ചും, മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ 33 കെ.വി. സബ്‌സ്റ്റേഷനും മെഡിക്കൽ കോളേജ് സെക്ഷൻ ഓഫീസും നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉന്നയിച്ച് നിരന്തരമായി ഇടപെട്ടിരുന്നു. തുടർന്ന് ചൂലിശ്ശേരി 33 കെ.വി. സബ്സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടനത്തിന് എത്തിയ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അനുകൂല നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.

ചൂലിശ്ശേരിയിലും, മെഡിക്കൽ കോളേജ് കോമ്പൗണ്ടിലും പുതിയ 33 കെ.വി. സബ്സ്റ്റേഷനുകൾക്ക് ഭരണാനുമതിയായതോടെ അതിവേഗം വികസിക്കുന്ന ഈ പ്രദേശങ്ങളുടെ ഭാവികാല വികസനത്തിനുകൂടി പൂർണ്ണ സജ്ജമായ വിധത്തിൽ മികച്ച ഗുണമേന്മയുള്ള തടസ്സരഹിതമായ വൈദ്യുതോർജ്ജ ലഭ്യതയാണ് ഉറപ്പുവരുത്താനാകുന്നത്. നാല് വർഷത്തിനിടെ രണ്ട് പുതിയ 33 കെ.വി. സബ്സ്റ്റേഷനുകൾ യാഥാർത്ഥ്യമാകുക എന്ന അപൂർവ്വ നേട്ടത്തിൻ്റെ മികവിലാണ് വടക്കാഞ്ചേരി മണ്ഡലമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.

 

date