Skip to main content

ആലപ്പുഴ ജില്ലാ കളക്ടറുടെ പുതിയ ഔദ്യോഗിക വസതി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ റവന്യൂ ഓഫീസുകൾ സ്മാർട്ടാക്കി നവീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ആലപ്പുഴ ജില്ലാ കളക്ടറുടെ പുതിയ ഔദ്യോഗിക വസതിയുടെയും ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. റവന്യൂ വകുപ്പ് ഓഫീസുകളും ജീവനക്കാരുടെ ക്വാർട്ടേഴ്സുകളും മികച്ച രീതിയിൽ നവീകരിച്ച് ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ സേവനങ്ങൾ പൂർണ്ണമായും ഇ-സേവനങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ നഗരസഭയിലെ സിവിൽ സ്റ്റേഷൻ വാർഡിലുള്ള പുതിയ ഔദ്യോഗിക വസതി അങ്കണത്തിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് നൽകുന്ന സേവനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ചുമതലകൾക്ക് പുറമെ, ജില്ലയുടെയും പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിന്റെയും വികസന പ്രവർത്തനങ്ങളിൽ കളക്ടർ സജീവ സാന്നിധ്യമാണെന്നും എം.എൽ.എ. പറഞ്ഞു.

ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, ജില്ലാ പൊലീസ് മേധാവിഎം.പി. മോഹനചന്ദ്രൻ, സബ് കളക്ടർ സമീർ കിഷൻ, വാർഡ് കൗൺസിലർ എ.എം. നൗഫൽ, എ.ഡി.എം. ബി. ജ്യോതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date