Skip to main content
`1

നിയമസഭ തിരഞ്ഞെടുപ്പ്: ഹോം വോട്ടിങ്ങിന് ജില്ലയില്‍ തുടക്കമായി

 

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിങ് സംവിധാനത്തിന് ജില്ലയില്‍ തുടക്കമായി. വീടുകളില്‍ വോട്ട് ചെയ്യാന്‍ താല്‍പര്യമറിയിച്ച 85 വയസ്സ് പിന്നിട്ട 12,260 പേരും ഭിന്നശേഷിക്കാരായ 6,788 പേരുമാണ് ജില്ലയില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുക.

ഓരോ നിയമസഭാ മണ്ഡലത്തിലും ഹോം വോട്ടിങ്ങിനായി നിയോഗിക്കപ്പെട്ടഉദ്യോഗസ്ഥര്‍ നേരത്തെ അപേക്ഷ നല്‍കിയ അര്‍ഹരായ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് വോട്ടിങ്ങിനായി വീടുകളിലെത്തുന്നത്. ഏപ്രില്‍ അഞ്ച് വരെ ഏഴ് ദിവസത്തേക്കാണ് ഹോം വോട്ടിങ് സംവിധാനം.

257 ടീമിനെയാണ് ജില്ലയില്‍ ഹോം വോട്ടിങ്ങിനായി നിയോഗിച്ചത്. വോട്ട് ചെയ്യിപ്പിക്കാന്‍ വീട്ടിലെത്തുന്ന സമയം ബി.എല്‍.ഒമാര്‍ മുഖേന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി അറിയിക്കും. വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉള്‍പ്പടെ ഒരുക്കുന്നുണ്ട്.വോട്ടര്‍മാര്‍ ഹോം വോട്ട് ചെയ്യുന്ന വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും രഹസ്യസ്വഭാവം നഷ്ടപ്പെടാതെ ഇവരെ അനുഗമിക്കാന്‍ അവസരമുണ്ട്.ഹോം വോട്ടിങ് തിരഞ്ഞെടുത്തവര്‍ക്ക്പോളിങ് ബൂത്തില്‍ ചെന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകില്ല.

 

ആകെ 3110 പേരാണ് ആദ്യ ദിനത്തിൽ ഹോം വോട്ട് രേഖപ്പെടുത്തിയത്.

മണ്ഡലം, രേഖപ്പെടുത്തിയ ഹോം വോട്ട് ക്രമത്തിൽ:

വടകര - 275
കുറ്റ്യാടി - 160 
നാദാപുരം -327
കൊയിലാണ്ടി -254
പേരാമ്പ്ര -350
ബാലുശ്ശേരി -336
എലത്തൂർ -376
കോഴിക്കോട് നോർത്ത് -245
കോഴിക്കോട് സൗത്ത് -130 
ബേപ്പൂർ -168
കുന്നമംഗലം -101
കൊടുവള്ളി -174
തിരുവമ്പാടി -214

date