ഹോം വോട്ടിംഗിനായി ഉപയോഗിച്ച ബാലറ്റ് പെട്ടികൾ ശക്തമായ സുരക്ഷയും സുതാര്യതയും ഉറപ്പാക്കിയവയെന്ന് ജില്ലാ കളക്ടർ
-ജില്ലയിൽ ഹോം വോട്ടിംഗ് സുഗമമായി പുരോഗമിക്കുന്നു; 93 ശതമാനത്തിലധികം പേർ വോട്ട് ചെയ്തു
കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗിനായി ഉപയോഗിച്ച ബാലറ്റ് പെട്ടികൾ ശക്തമായ സുരക്ഷയും സുതാര്യതയും ഉറപ്പാക്കിയവയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ അറിയിച്ചു.
ഹോം വോട്ടിംഗിനായി ഉപയോഗിച്ച ബാലറ്റ് പെട്ടികളെ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വിപുലമായ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഹോംവോട്ടിംഗ് പ്രക്രിയ ചെയ്യുന്നത്.
ഫോം 12D വഴിയുള്ള അപേക്ഷ സ്വീകരിക്കൽ, ബി.എൽ.ഒമാരുടെ പരിശോധന, അന്തിമ പട്ടിക തയ്യാറാക്കൽ, വോട്ടിംഗ് ഷെഡ്യൂൾ, സ്ഥാനാർത്ഥികളെയും അവരുടെ പ്രതിനിധികളെയും മുൻകൂട്ടി അറിയിക്കൽ എന്നിങ്ങനെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഈ പ്രക്രിയ നടക്കുന്നത്.
കേന്ദ്ര നിരീക്ഷകരുടെയും മൈക്രോ ഒബ്സർവർമാരുടെയും സൂക്ഷ്മ നിരീക്ഷണത്തിൽ, പ്രത്യേകമായി രൂപീകരിച്ച പോളിംഗ് ടീമുകളാണ് വോട്ടെടുപ്പ് നടത്തുന്നത്. തുടക്കം മുതൽ അവസാനം വരെ വീഡിയോഗ്രാഫി നിർബന്ധമാക്കിയിട്ടുള്ളതിനാൽ വോട്ടിംഗ് പ്രക്രിയ പൂർണ്ണമായും ഓഡിറ്റിംഗിന് വിധേയമാക്കാവുന്നതാണ്.
സ്ഥാനാർത്ഥികളുടെ പോളിംഗ് ഏജന്റുമാരെ (ബൂത്ത് ലെവൽ ഏജന്റുമാർ) വിവരമറിയിക്കുകയും അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. നിരീക്ഷകർ, മൈക്രോ ഒബ്സർവർമാർ, പോളിംഗ് ഏജന്റുമാർ, വീഡിയോഗ്രാഫി, പോലീസ് സുരക്ഷ എന്നിങ്ങനെ ബഹുതലത്തിലുള്ള സംവിധാനങ്ങൾ ഓരോ ഘട്ടത്തിലും സ്വതന്ത്രമായ പരിശോധന ഉറപ്പാക്കുന്നു.
സീൽ ചെയ്യുന്ന ഘട്ടത്തിൽ, പോളിംഗ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബാലറ്റ് പെട്ടികൾ നേരിട്ട് പരിശോധിക്കുകയും ഉള്ളടക്കം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നൽകിയ ബാലറ്റുകൾ, ഉപയോഗിച്ചവ, സീൽ ചെയ്തവ എന്നിവയുടെ കൃത്യമായ കണക്കെടുപ്പ് നടത്തിയ ശേഷമാണ് സീലിംഗ് നടപടികൾ പൂർത്തിയാക്കുന്നത്. എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും ക്രോസ് വെരിഫിക്കേഷൻ നടത്തുകയും ചെയ്യുന്നുണ്ട്.
കണക്കെടുപ്പ്, സീലിംഗ് തുടങ്ങിയ നിർണ്ണായക ഘട്ടങ്ങളിൽ പോലും പോളിംഗ് ടീമിനൊപ്പമുള്ള മൈക്രോ ഒബ്സർവർമാരിൽ നിന്നോ പോളിംഗ് ഏജന്റുമാരിൽ നിന്നോ യാതൊരുവിധ പരാതികളോ വിപരീത റിപ്പോർട്ടുകളോ ലഭിച്ചിട്ടില്ല. നിരീക്ഷകർ നേരിട്ടും ഈ നടപടിക്രമങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷിതമായ പെട്ടിയോ കണ്ടെയ്നറോ ഉപയോഗിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നത്. പ്രത്യേക രൂപകൽപ്പനയിലുള്ള പെട്ടി വേണമെന്ന് നിർബന്ധമില്ല. കണ്ണൂരിൽ ഉപയോഗിക്കുന്ന ബാലറ്റ് പെട്ടികൾ മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും ഉപയോഗിക്കുന്നതിന് സമാനമായ സാധാരണ വലിപ്പമുള്ളവയാണ്. മുൻപ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും ഇതേ രീതിയിലുള്ള ക്രമീകരണങ്ങളാണ് പിന്തുടർന്നത്.
നിലവിൽ കണ്ണൂരിലെ ഹോം വോട്ടിംഗ് സുഗമമായി പുരോഗമിക്കുകയാണ്. ഇതുവരെ ജില്ലയിൽ 93 ശതമാനത്തിലധികം പേർ (അംഗീകരിച്ച 19,276 ഹോം വോട്ടർമാരിൽ 18049 പേർ) വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇത് ഈ പ്രക്രിയയിലുള്ള കാര്യക്ഷമതയെയും പൊതുജന വിശ്വാസത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
- Log in to post comments