മലപ്പുറം പോളിംഗിന് സജ്ജം: 36.2 ലക്ഷം വോട്ടര്‍മാര്‍ ഏപ്രില്‍ ഒന്‍പതിന് പോളിങ് ബൂത്തിലേക്ക്
*വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ
*ക്രമസമാധാന പാലത്തിനായി 4729 സേനാംഗങ്ങള്‍
*3689 പോളിങ് ബൂത്തുകളിലായി 17708 പോളിങ് ഉദ്യോഗസ്ഥര്‍
*പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ബുധന്‍) വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം അവസാനഘട്ട തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്.
16 നിയമസഭാ മണ്ഡലങ്ങളിലായി 3632210 ലക്ഷം വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 1819198 പുരുഷ വോട്ടര്‍മാരും 1812974 സ്ത്രീ വോട്ടര്‍മാരും 38 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. ഭിന്നശേഷി വിഭാഗത്തിലായി 29300 വോട്ടര്‍മാരും, 85 വയസിന് മുകളില്‍ പ്രായമുള്ള 14168 വോട്ടര്‍മാരും 41962 പ്രവാസി വോട്ടര്‍മാര്‍, 111463 കന്നി വോട്ടര്‍മാര്‍, 1831 സര്‍വീസ് വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് ജില്ലയിലെ വോട്ടര്‍മാരുടെ കണക്ക്. ഏഴ് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള 3689 പോളിങ് ബൂത്തുകളിലായി 17708 പോളിങ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിച്ചിട്ടുള്ളത്. 15 സ്ഥലങ്ങളിലായി 43 പ്രശ്‌ന സാധ്യത ബൂത്തുകളാണ് ഉള്ളത്. 48 മാതൃകാ ബൂത്തുകള്‍, 80 പിങ്ക് ബൂത്തുകള്‍, ഭിന്നശേഷിക്കാര്‍ ഉദ്യോഗസ്ഥരായ മൂന്ന് ബൂത്തുകള്‍ എന്നിങ്ങനെയാണ് ജില്ലയിലെ പോളിങ് ബൂത്തുകളുടെ കണക്ക്. പോളിങ് ബൂത്തുകളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൂറു ശതമാനവും ബെബ്കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ആറ് പൊതു നിരീക്ഷകര്‍, നാല് ചെലവു നിരീക്ഷകര്‍, ഒരു പൊലീസ് നിരീക്ഷകനുള്‍പ്പെടെ 11 കേന്ദ്ര നിരീക്ഷകരാണ് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ നിരീക്ഷിക്കാനുണ്ടായിരുന്നത്. 3689 പോളിങ് സ്റ്റേഷനുകളിലായി 4427 വീതം പ്രസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, 8854 പോളിങ് ഓഫീസര്‍, 351 വീതം സെക്ടറല്‍ ഓഫീസറും സെക്ടറല്‍ അസിസ്റ്റന്റും 1238 റൂട്ട് ഓഫീസറെയുമാണ് 56 മൈക്രോ ഒബ്‌സര്‍വര്‍മാരെയുമാണ് തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്ന് രണ്ട്, മൂന്ന് ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. 17,708 പോളിംഗ് ഉദ്യോഗസ്ഥരെയും 351 സെക്ടര്‍ ഓഫീസര്‍മാരെയും 351 സെക്ടര്‍ അസിസ്റ്റന്റ് ഓഫീസര്‍മാരെയും തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണത്തിനായി ജിപിഎസ് സംവിധാനമുള്ള 1258 വാഹനങ്ങള്‍ (1122 ഹെവി, 136 ലൈറ്റ്) സജ്ജമാണ്.
ജില്ലയില്‍ ഹോം വോട്ടിംഗ് നൂറ് ശതമാനവും പൂര്‍ത്തിയായി. ഫോം 12 സമര്‍പ്പിച്ച 16,106 പേര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു. ഇതില്‍ ജില്ലയ്ക്കകത്തുനിന്നുള്ള 12,170 പേരും പുറത്തുനിന്നുള്ള 3,936 പേരും വോട്ട് രേഖപ്പെടുത്തി.
ജില്ലയില്‍ ആകെ 16 വിതരണ സ്വീകരണ കേന്ദ്രങ്ങളും ഏഴ് ലൊക്കേഷനുകളിലായി സ്‌ട്രോങ് റൂം സജ്ജമാണ്. 17708 പോളിംഗ് ഉദ്യോഗസ്ഥരെയും 351 സെക്ടര്‍ ഓഫീസര്‍മാരെയും 351 സെക്ടറര്‍ അസിസ്റ്റന്റ്മാരെയും
1258 റൂട്ട് ഓഫീസര്‍മാരെയും 56 മൈക്രോ ഒബ്‌സര്‍വര്‍മാരെയും ഷാഡോ ബൂത്തുകളില്‍ 15 അഡീഷണല്‍ ഒബ്‌സര്‍വര്‍മാരെയും തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഓരോ മണ്ഡലങ്ങളിലുമായി ആറ് ക്വിക് റെസ്‌പോണ്‍സ് ടീമുകളും പ്രവര്‍ത്തിക്കും. 35 വി.എഫ്.സിയും 32 പി.വി.സിയുമാണ് ജില്ലയില്‍ ഉള്ളത്. 95 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മത്സരരംഗത്തുള്ളത്.
ക്രമസമാധാനം
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 4729 സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 58 കമ്പനി കേന്ദ്രസേനയ്ക്ക് പുറമെ കര്‍ണാടക (3 കമ്പനി), തമിഴ്നാട് (4 കമ്പനി) പോലീസും കേരള എ.പി ബറ്റാലിയന്റെ 9 കമ്പനികളും ഉള്‍പ്പെടുന്നു. പ്രശ്‌നബാധിത മേഖലകളില്‍ കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ്സ് ഉറപ്പാക്കും.
വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമുകള്‍ക്ക് കേന്ദ്രസേനയെയും ലോക്കല്‍ പോലീസിനെയും ഉള്‍പ്പെടുത്തി മൂന്ന് തട്ടുകളിലുള്ള സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇന്നര്‍ കോര്‍ഡോണില്‍ കേന്ദ്ര സേനയുടെ 384 സേനാംഗങ്ങളുടെയും പെരിഫറല്‍ പട്രോള്‍ ആയി ലോക്കല്‍ പൊലിസിന്റെ സേനാംഗങ്ങളെയും ഉള്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വോട്ടെടുപ്പ് ദിവസം പ്ലാനിംഗ് സെക്രട്ടേറിയറ്റില്‍ ജില്ലാ കണ്‍ട്രോള്‍ റൂമും വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും.
പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ലോക്കല്‍ പൊലിസിന്റെയും സി.എ.പി.എഫ് വിഭാഗത്തിന്റെയും ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 22 ഗ്രൂപ്പ് പട്രോള്‍ പരിധികളിലായി 3682 പോളിംഗ് ബൂത്തുകള്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ 10 ഇലക്ഷന്‍ സബ് ഡിവിഷന്‍ ഡി.വൈ.എസ്.പിമാരുടെ കീഴില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 34 പൊലിസ് സ്റ്റേഷന്‍ പരിധികളിലായി 34 ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോള്‍ വിഭാഗവും 34 ക്യു.ആര്‍.ടി. പട്രോള്‍ വിഭാഗവും 202 ഗ്രൂപ്പ് പട്രോള്‍ വിഭാഗവും പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടാവും. ജില്ലാ പൊലിസ് മേധാവിയുടെ സ്ട്രൈക്കിംഗ് ഫോഴ്‌സിനെ കൂടാതെ എ.ഡി.ജി.ഒ എല്‍.ഒ സ്‌റ്റൈക്കിംഗ് ഫോഴ്‌സിനെയും ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്.
ഗ്രൂപ്പ് പട്രോള്‍ ഓഫീസര്‍മാര്‍ അവരുടെ പരിധികളിലെ പോളിംഗ് ബൂത്തുകളില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയ്ക്കായി എത്തി എന്ന് ഉറപ്പുവരുത്തുകയും പോളിംഗ് സാമഗ്രികള്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലേക്കും പോള്‍ ചെയ്ത ഇ.വി.എമ്മുകള്‍ സുരക്ഷിതമായി തിരികെ റിസപ്ഷന്‍ സെന്ററുകളിലേക്കും എത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിക്കും.
144 വീതം ഫ്‌ലയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, 32 വീതം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ്, വീഡിയോ സര്‍വൈലന്‍സ് ടീം 16 വീഡിയോ വ്യൂയിങ് ടീം എന്നിങ്ങനെയാണ് ജില്ലയില്‍ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിന്യസിച്ചിട്ടുള്ളത്.
ഡെസിഗ്നേറ്റഡ് വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്റര്‍ മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ മണ്ഡലങ്ങളുടെയും ചുമതലയുള്ള നാല് പേര്‍ അടങ്ങുന്ന ടീമാണ് വിഎഫ്‌സിയില്‍ പ്രവര്‍ത്തിക്കുന്നത്. 216 നാമനിര്‍ദ്ദേശ പത്രികകളാണ് ജില്ലയില്‍ ലഭിച്ചത്. ഇതില്‍ മത്സര രംഗത്തുള്ളത് 95 പേരാണ്.
ലഹരിവേട്ടയും പിടിച്ചെടുക്കലുകളും
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ വിവിധ സ്‌ക്വാഡുകള്‍ വലിയ തോതിലുള്ള ലഹരിമരുന്നുകളും പണവും പിടികൂടി. ജില്ലയില്‍ ഇതുവരെ
2.25 കോടി രൂപ, 4.35 കോടിയുടെ വസ്തുക്കള്‍, 9.5 ലക്ഷത്തിന്റെ 980.27 ലിറ്റര്‍ മദ്യം, 15.265 ലക്ഷം രൂപ വരുന്ന 13.130 കി. ഗ്രാം ലഹരി വസ്തുക്കള്‍ എന്നിവയാണ് വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ പിടികൂടിയത്.
പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ 17 ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ ഇടങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ തടയാന്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടക്കുന്നുണ്ട്. ഇതുവരെ ഇത്തരം 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
- Log in to post comments