നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിൽ 79.68% പോളിങ്
നിയമസഭാ പൊതു തെരഞ്ഞെടുപ്പിൽ ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 79.68 ശതമാനം പോളിങ്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ച ഏഴു മുതല്‍ തന്നെ ജില്ലയില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 83.27 % ആണ് ഇവിടെ പോളിങ്. ഏറ്റവും കുറവ് പോളിംഗ് പൊന്നാനി മണ്ഡത്തിലാണ്. 73.97%.
വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന വൈകീട്ട് ആറിനും ചില മണ്ഡലങ്ങളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. വൈകീട്ട് ആറിന് ക്യൂവില്‍ നിന്ന എല്ലാവര്ക്കും ടോക്കണ്‍ കൊടുത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാക്കി.
വോട്ടെടുപ്പ് ആരംഭിച്ച് രാവിലെ 9 മണി ആയപ്പോഴേക്കും 15.46 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 11 ന് 32.03 ശതമാനം, ഉച്ചയ്ക്ക് ഒരുമണിക്ക് 48.33 ശതമാനം, മൂന്നു മണിക്ക് 62.29 ശതമാനം, വൈകീട്ട് അഞ്ചിന് 75.72 ശതമാനം, പോളിങ് അവസാനിക്കുമ്പോൾ 79.68 ശതമാനവും (ലഭ്യമായ അപ്ഡേഷൻ പ്രകാരം) പോളിംഗ് രേഖപ്പെടുത്തി.
3689 പോളിങ് ബൂത്തുകളിലായി 17,708 പോളിങ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 4729 സേനാംഗങ്ങളെയും നിയോഗിച്ചു. ഇതില്‍ 58 കമ്പനി കേന്ദ്രസേനയ്ക്ക് പുറമെ കര്‍ണാടക (3 കമ്പനി), തമിഴ്നാട് (4 കമ്പനി) പോലീസും കേരള എ.പി ബറ്റാലിയന്റെ 9 കമ്പനികളും ഉള്‍പ്പെടുന്നു. പ്രശ്നബാധിത മേഖലകളില്‍ കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷയുമൊരുക്കി.
15 സ്ഥലങ്ങളിലായി 43 പ്രശ്ന സാധ്യത ബൂത്തുകളാണ് ഉണ്ടായിരുന്നത്. 48 മാതൃകാ ബൂത്തുകള്‍, 80 പിങ്ക് ബൂത്തുകള്‍, ഭിന്നശേഷിക്കാര്‍ ഉദ്യോഗസ്ഥരായ മൂന്ന് ബൂത്തുകള്‍ എന്നിങ്ങനെയായിരുന്നു ജില്ലയിലെ പോളിങ് ബൂത്തുകളുടെ കണക്ക്.
ജില്ലയില്‍ ആറ് പൊതു നിരീക്ഷകര്‍, നാല് ചെലവു നിരീക്ഷകര്‍, ഒരു പൊലീസ് നിരീക്ഷകനുള്പ്പെടെ 11 കേന്ദ്ര നിരീക്ഷകരാണ് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ നിരീക്ഷിക്കാനുണ്ടായിരുന്നത്.
3689 പോളിങ് സ്റ്റേഷനുകളിലായി 4427 വീതം പ്രസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, 8854 പോളിങ് ഓഫീസര്‍, 351 വീതം സെക്ടറല്‍ ഓഫീസറും സെക്ടറല്‍ അസിസ്റ്റന്റും 1238 റൂട്ട് ഓഫീസറെയുമാണ് 56 മൈക്രോ ഒബ്സര്‍വര്‍മാരെയുമാണ് തെരഞ്ഞെടുപ്പിനായി നിയോഗിച്ചത്.
പോളിംഗ് ഉദ്യോഗസ്ഥർക്കു പുറമെ 351 സെക്ടര്‍ ഓഫീസര്‍മാരെയും 351 സെക്ടറര്‍ അസിസ്റ്റന്റ്മാരെയും
1258 റൂട്ട് ഓഫീസര്‍മാരെയും 56 മൈക്രോ ഒബ്സര്‍വര്‍മാരെയും ഷാഡോ ബൂത്തുകളില്‍ 15 അഡീഷണല്‍ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചു.
- Log in to post comments