അതിഥി കുട്ടികൾക്ക് കരുതലിന്റെ പത്തു വർഷം; 'റോഷ്‌നി' പദ്ധതി പുതിയ തലങ്ങളിലേക്ക്
ജില്ലയിലെ അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിയും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘റോഷ്നി’ പദ്ധതി പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
അതിഥി തൊഴിലാളികൾ നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരുടെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്നും ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു.
ഉത്സവങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കുമായി ഇവർ നാട്ടിലേക്ക് മടങ്ങിയപ്പോൾ നമ്മുടെ ചെറുകിട വ്യവസായ മേഖല നേരിട്ട പ്രതിസന്ധി ഇവരുടെ പ്രസക്തി വ്യക്തമാക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന 'വിദ്യാഭ്യാസത്തിനുള്ള അവകാശം' ഈ കുട്ടികൾക്കും അർഹതപ്പെട്ടതാണ്. അവർക്ക് കൃത്യമായ വിദ്യാഭ്യാസവും കരുതലും നൽകുന്നതിലൂടെ ഭാവിയിൽ സമൂഹത്തിന് കരുത്തുറ്റ സംഭാവനകൾ നൽകാൻ അവരെ പ്രാപ്തരാക്കാമെന്നും, ഒപ്പം കുട്ടികൾ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് വഴിമാറിപ്പോകുന്നത് തടയാനാകുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു .
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമായ സാഹചര്യത്തിൽ, നിലവിൽ കാർഡില്ലാത്ത കുട്ടികൾക്കായി ജൂൺ 15 മുതൽ പ്രത്യേക ഡ്രൈവ് ആരംഭിക്കാൻ യോഗം നിർദ്ദേശിച്ചു. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത കുട്ടികൾക്ക് മെഡിക്കൽ ബോർഡ് വഴി പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റോ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ (ഡി. സി.പി. ഒ) സാക്ഷ്യപ്പെടുത്തിയ രേഖകളോ ഉപയോഗിച്ച് ആധാർ ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ ഐ.ടി മിഷനേയും സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണയേയും ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
പെരുമ്പാവൂർ, വെങ്ങോല മേഖലകളിൽ ഇപ്പോഴും നിലനിൽക്കുന്ന ബാലവേല തടയാൻ കർശന നടപടികൾ സ്വീകരിക്കണം. കേക്ക് പാക്കിംഗ് ഉൾപ്പെടെയുള്ള ജോലികളിൽ കുട്ടികളെ ഏർപ്പെടുത്തുന്നുണ്ടോ എന്ന് കണ്ടെത്താൻ ഡി.സി.പി.ഒ, പോലീസ്, ലേബർ എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത സർവേ നടത്തണം. ചെറിയ കുട്ടികളെ നോക്കാൻ വേണ്ടി മുതിർന്ന കുട്ടികൾ സ്കൂളിൽ പോകാതെ വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ പെരുമ്പാവൂർ പോലുള്ള സ്ഥലങ്ങളിൽ ഡേ-കെയർ സെന്ററുകളും ക്രഷുകളും ആരംഭിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
ഏഴാം ക്ലാസിനു ശേഷം കുട്ടികൾ പഠനം നിർത്തുന്ന പ്രവണത ഒഴിവാക്കാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കണം . പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ നൂറോളം കുട്ടികളുടെ പട്ടിക തയ്യാറാക്കി അസാപ്പ് കേരള വഴി മൂന്ന് -നാല് മാസങ്ങൾ നീണ്ടുനിൽക്കുന്ന നൈപുണ്യ വികസന കോഴ്സുകൾ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് കുടുംബശ്രീ അംഗത്വം നൽകി അവരുടെ മക്കളെ ബാലസഭകളുടെയും നൈപുണ്യ സഹായ ഗ്രൂപ്പുകളുടെയും ഭാഗമാക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
അതിഥി തൊഴിലാളികളുടെ കുട്ടികൾ വളരെയധികം കഴിവുള്ളവരാണ്. ഇവർക്ക് പഠനത്തോടൊപ്പം വരുമാനം നേടുന്നതിന് ബിഹാറിലെ മധുബനി പോലുള്ള കരകൗശല വിദ്യകളിൽ പരിശീലനം നൽകണം.ഇവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ എൻ.ജി.ഒകളുടെ സഹായം തേടണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണം. പോഷകാഹാരക്കുറവും പകർച്ചവ്യാധികളും തടയുന്നതിനായി അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ബോധവൽക്കരണ ക്ലാസുകൾ നൽകണമെന്നും യോഗം നിർദ്ദേശിച്ചു.
ബാലവിവാഹത്തിനെതിരെ വനിതാ ശിശുവികസന വകുപ്പും ഡി.സി.പി.ഒയും ചേർന്ന് ശക്തമായ പ്രതിരോധം തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തൊഴിലിടങ്ങളിലെ പീഡനങ്ങളും പരാതികളും കേൾക്കുന്നതിനായി എല്ലാ മാസങ്ങളിലും ജില്ലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പുകൾ നടത്താൻ
ജില്ലാ ലേബർ ഓഫീസർക്ക് (എൻഫോഴ്സ്മെന്റ്) യോഗം നിർദ്ദേശം നൽകി.
ജില്ല ശിശു സംരക്ഷണ ഓഫീസർ ജയന്തി പി നായർ, റോഷ്‌നി ജില്ലാ കോ ഓഡിനേറ്റർ സി.കെ. പ്രകാശ്, റോഷ്‌നി അക്കാദമിക് കോ ഓഡിനേറ്റർ ജയശ്രീ കുളക്കുന്നത്ത് , നവകേരളം ജില്ലാ കോഓഡിനേറ്റർ എസ് രഞ്ജിനി, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റർ ടി. എം. റജീന മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments