ടെക്നോക്രാറ്റിൽ നിന്ന് സിവിൽ സർവീസിലേക്ക്, ഹൃത്വിക് രഞ്ജൻ ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു
2025 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഹൃത്വിക് രഞ്ജൻ ജില്ലയുടെ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു.
കോർപ്പറേറ്റ് ലോകത്തെ തിളക്കമാർന്ന കരിയറും മുംബൈ ഐ.ഐ.ടി.യിലെ എഞ്ചിനീയറിംഗ് ബിരുദവും നൽകിയ അവസരങ്ങൾ മാറ്റിവെച്ചാണ് ഹൃത്വിക് സിവിൽ സർവീസ് തിരഞ്ഞെടുത്തത്.
ബീഹാറിലെ മുസാഫർപൂർ സ്വദേശിയായ ഹൃത്വിക്, മുംബൈ ഐ.ഐ.ടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയതിനു ശേഷം കുറച്ചുനാൾ ഗുഡ്ഗാവിലെ ജാപ്പനീസ് സ്ഥാപനമായ നൊമുറ കൺസൾട്ടിംഗിൽ സേവനമനുഷ്ഠിച്ചിരുന്നു.
താൻ ജനിച്ചുവളർന്ന ബീഹാറിൽ, സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ സർക്കാരിനും ഭരണസംവിധാനങ്ങൾക്കും വലിയ പങ്കാണുള്ളതെന്നും. ജനങ്ങൾ പല കാര്യങ്ങൾക്കും അഡ്മിനിസ്ട്രേഷനെയാണ് ആശ്രയിക്കുന്നതെന്നും കുട്ടിക്കാലം മുതൽ കണ്ട ഇത്തരം കാഴ്ചകളാണ് തന്നെ സിവിൽ സർവീസിലേക്ക് ആകർഷിച്ചതെന്നും അസിസ്റ്റൻറ് കളക്ടർ പറഞ്ഞു.
ഐ.ഐ.ടി. പഠനത്തിന് ശേഷം മികച്ചൊരു പ്രൈവറ്റ് ജോലി ലഭിച്ചെങ്കിലും മനസ്സിൽ ആഗ്രഹിച്ച തൊഴിൽ സംതൃപ്തി അവിടെ കിട്ടിയില്ല. അതുകൊണ്ടാണ് ജോലി രാജിവെച്ച് പൂർണ്ണമായി യു.പി.എസ്.സി. പരീക്ഷയ്ക്കായി തയ്യാറെടുത്തത്. ആദ്യ രണ്ട് ശ്രമങ്ങളിൽ ജോലിയോടൊപ്പമാണ് പഠിച്ചതെങ്കിൽ, പിന്നീട് കഠിനപ്രയത്നത്തിലൂടെ ഐ.എ.എസ്. എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുകയായിരുന്നെന്നും അസിസ്റ്റൻ്റ് കളക്ടർ പറഞ്ഞു.
മൂന്നാം ശ്രമത്തിൽ ഐ.ആർ.എസ്. ലഭിച്ചിരുന്നെങ്കിലും, ഐ.എ.എസ്. എന്ന ലക്ഷ്യത്തിനായി വീണ്ടും പരിശ്രമിച്ച് നാലാം ശ്രമത്തിലായിരുന്നു ഹൃത്വിക് ഐ.എ.എസ് സ്വന്തമാക്കിയത്.
കേരള കേഡർ ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്റെ ജന്മനാട്ടിൽ നിന്നും ഏറെ അകലെയാണ് കേരളം. ഇവിടുത്തെ സംസ്കാരവും ജീവിതരീതിയുമെല്ലാം തികച്ചും വ്യത്യസ്തമാണ്. എന്നാൽ ഈ അവസരത്തെ ഏറെ ആവേശത്തോടെയാണ് ഞാൻ കാണുന്നത്. കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. എറണാകുളം ജില്ലയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാനും, ജനങ്ങൾക്കായി മികച്ച രീതിയിൽ പ്രവർത്തിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അസിസ്റ്റന്റ് കളക്ടർക്ക് സിവിൽ സ്റ്റേഷനിലേക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.
- Log in to post comments