നിലമ്പൂർ ചുങ്കത്തറ നെല്ലിപ്പൊയിൽ-കോടീരി പുനരധിവാസ മേഖലയിൽ കുടിവെള്ള പദ്ധതിക്ക് 2.46 കോടി രൂപയുടെ ഭരണാനുമതി
മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട നെല്ലിപ്പൊയിൽ-കോടീരി പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനായി 2.46 കോടി രൂപയുടെ ഭരണാനുമതി നൽകി പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് ഉത്തരവിറക്കി. ഭൂമിരഹിതരായ പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നെല്ലിപ്പൊയിൽ-കോടീരി പ്രദേശത്ത് 376 ഗുണഭോക്താക്കൾക്കായി 40 സെന്റ് വീതം ആകെ 60.8744 ഹെക്ടർ വനഭൂമി അനുവദിച്ചിരുന്നു. ഈ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി നിലമ്പൂർ പി.എച്ച്. സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ തയാറാക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
'ഭൂമിരഹിതരായ ആദിവാസികളുടെ പുനരധിവാസം' എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നാണ് ഇതിനായുള്ള തുക വിനിയോഗിക്കുക. കേരള വാട്ടർ അതോറിറ്റി, ട്രൈബൽ റീഹാബിലിറ്റേഷൻ ഡെവലപ്മെന്റ് മിഷൻ, നിലമ്പൂർ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു.
- Log in to post comments