റവന്യൂ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കും-റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍
പട്ടയവിതരണം, ഡിജിറ്റല്‍ സേവനങ്ങള്‍, അദാലത്തുകള്‍ തുടങ്ങി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍. റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രി എ.പി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മലപ്പുറം ജില്ലാതല അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. സംസ്ഥാനത്തുടനീളം റവന്യൂ വകുപ്പ് നടത്തി വരുന്ന അദാലത്തിന്റെ ഭാഗമായാണ് ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ഗോത്രവര്‍ഗ ഉന്നതികള്‍, തീരപ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി പട്ടയവിതരണവും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പു വരുത്തുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ പട്ടയവിതരണം പൂര്‍ത്തിയാക്കാനുള്ളതിനാല്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ വഴി സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ ആവശ്യങ്ങള്‍ക്കായി എത്തുമ്പോള്‍ മോശം സമീപനം ഉണ്ടാവരുതെന്നും കഴിയുന്നത്ര സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിലെ ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്ത് ഉടന്‍ നിയമനം നടത്തും. ഭരണാനുമതി ലഭിച്ച സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും വില്ലേജ് ഓഫീസുകളില്‍ കംപ്യൂട്ടറും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനമില്ലാത്ത താലൂക്ക് ഓഫീസുകളില്‍ വാഹനം ലഭ്യമാക്കും. ജില്ലാതല യോഗത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്നും ലഭിച്ച ക്രിയാത്മക നിര്‍ദേശങ്ങള്‍ എല്ലാ ജില്ലകളിലെയും അവലോകന യോഗത്തിന് ശേഷം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നിയമ ഭേദഗതികള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു. 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന 541 ഇന പദ്ധതികളില്‍ റവന്യൂ വകുപ്പ് നേതൃത്വം നല്കുന്ന 14 പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ന്ന്ന് സര്‍ക്കാരിലേക്ക് നല്കിയ 52 കോടി ജില്ലയ്ക്ക് തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടന്ന അപേക്ഷകള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനും ജനങ്ങള്‍ക്ക് സമയബന്ധിത സേവനം ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ നടക്കുന്നുണ്ട്. പട്ടയ വിതരണം, ഭൂമി തരംമാറ്റം, ഡിജിറ്റല്‍ റീസര്‍വേ, എല്‍.ആര്.എം. കേസുകള്‍, കയ്യേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി റവന്യൂ വകുപ്പിന്റെ പ്രധാന മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രേഖകളിലെ അപാകതകള്‍ പരിഹരിക്കല്‍, ഹിയറിംഗ് വേഗത്തിലാക്കല്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍ സമയബന്ധിതമായി ലഭ്യമാക്കല്‍, അപേക്ഷകള്‍ ഓണ്‍ലൈനായി നിരീക്ഷിക്കല്‍ എന്നിവയിലൂടെ സേവന വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഭൂമി തരംമാറ്റം, പട്ടയം, ഡിജിറ്റല്‍ സര്‍വേ തുടങ്ങിയ സേവനങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നതിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട നിയമപരമായ അനിശ്ചിതത്വം കുറയുകയും, ബാങ്ക് വായ്പ, ഭവനനിര്‍മാണം, കൃഷി, വ്യവസായം എന്നിവയ്ക്കാവശ്യമായ രേഖകള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാകുകയും ചെയ്യും.
2021 മുതല്‍ ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി 42,141 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. നിലവില്‍ 17,608 പട്ടയങ്ങള്‍ വിതരണം ചെയ്യാനുണ്ട്. ഇവയില്‍ 2,057 പട്ടയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫിഷറീസ് വകുപ്പിന്റെ എന്‍.ഒ.സി ലഭിക്കാത്തത്, അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തത്, ഹിയറിംഗില്‍ പങ്കെടുക്കാത്തത് തുടങ്ങിയ കാരണങ്ങളാലാണ് ഭൂരിഭാഗം അപേക്ഷകളും തീര്‍പ്പാകാതെ തുടരുന്നത്. പ്രത്യേകിച്ച് എല്‍.എ. പട്ടയങ്ങള്‍ ഫിഷറീസ് എന്‍.ഒ.സി ലഭിക്കാത്തതിനാലും, എല്‍.ടി. പട്ടയങ്ങളിലും ദേവസ്വം പട്ടയങ്ങളിലും അപേക്ഷകരുടെ രേഖകളിലെ അപാകതകളാലുമാണ് കാലതാമസം നേരിടുന്നത്. ജില്ലയിലെ തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലായി ലക്ഷംവീട് പദ്ധതിയില്‍ ഉള്‍പ്പെട്ട 24 പട്ടയങ്ങള്‍ വിതരണം ചെയ്യാനുണ്ട്. പതിവ് കമ്മിറ്റി ചേരല്‍, സര്‍വേ പൂര്‍ത്തീകരിക്കല്‍, എന്‍.ഒ.സി ലഭ്യമാക്കല്‍ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഇവയും വിതരണം ചെയ്യും.
മിച്ചഭൂമി പതിച്ചുനല്‍കല്‍ നടപടികളിലും ജില്ല ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. പൊന്നാനി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളിലായി 104 കൈവശക്കാര്‍ക്ക് മിച്ചഭൂമിയില്‍ പട്ടയം അനുവദിച്ചു. കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ഭൂമി ഡീവെസ്റ്റ് ചെയ്ത് തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം വില്ലേജില്‍ 45 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. തീരദേശ മേഖലയിലെ പട്ടയ അപേക്ഷകള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലായി ആകെ 966 അപേക്ഷകള്‍ നിലവിലുണ്ട്. പട്ടയം അനുവദിക്കുന്നതിനായി ഫിഷറീസ് വകുപ്പില്‍ നിന്ന് ആവശ്യമായ എന്‍.ഒ.സി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ ആകെ 72,381 ഭൂമി തരം മാറ്റ അപേക്ഷകള്‍ ലഭിച്ചതില്‍ 42,419 അപേക്ഷകള്‍ ഇതിനകം തീര്‍പ്പാക്കിയിട്ടുണ്ട്. നിലവില്‍ 29,962 അപേക്ഷകള്‍ ബാക്കിയുണ്ട്. 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പ്രത്യേക തരംമാറ്റ അദാലത്തുകള്‍ സംഘടിപ്പിച്ച് 4,600 അപേക്ഷകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയില്‍ 'എന്റെ ഭൂമി' ഡിജിറ്റല്‍ റീസര്‍വേ പദ്ധതിയും വേഗത്തില്‍ മുന്നേറുകയാണ്. 21 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. 14 വില്ലേജുകളില്‍ സര്‍വേയുടെ തുടര്‍ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ 15 വില്ലേജുകളില്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 4,200 എല്‍.ആര്.എം. കേസുകള്‍ തീര്‍പ്പാക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. പേര് തിരുത്തല്‍, വിസ്തീര്‍ണ്ണ വ്യത്യാസം, അതിര്‍ത്തി നിര്‍ണയം, ഭൂമിയുടെ തരംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മുന്‍ഗണന നല്കി പരിഗണിക്കും.
അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ആകെ 120 കയ്യേറ്റ കേസുകളില്‍ 34 കേസുകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള കേസുകളില്‍ നിയമനടപടികളും സ്ഥലപരിശോധനയും പുരോഗമിക്കുകയാണ്. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചും കോടതി നിര്‍ദേശങ്ങള്‍ പാലിച്ചും തുടര്‍നടപടികള്‍ സ്വീകരിക്കും.
ലാന്‍ഡ് ട്രിബ്യൂണല്‍, സോണല്‍ ലാന്‍ഡ് ബോര്‍ഡ് എന്നിവിടങ്ങളിലെ ഫയല്‍ കുടിശ്ശിക കുറയ്ക്കുന്നതിനും ജീവനക്കാരുടെ വിന്യാസം കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികള്‍ക്കും അവലോകന യോഗത്തില്‍ മുന്‍ഗണന നല്കി. പൊതുജനങ്ങള്‍ക്ക് റവന്യൂ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അപേക്ഷകളുടെ തീര്‍പ്പാക്കല്‍ വേഗത്തിലാക്കുക, ഭൂമി സംബന്ധമായ സേവനങ്ങള്‍ ഡിജിറ്റലായി കൂടുതല്‍ കാര്യക്ഷമമാക്കുക എന്നിവയാണ് ജില്ലയിലെ റവന്യൂ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച് ദിനേശന്, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സബിന്‍ സമീദ്, സര്‍വേ ഡയറക്ടര്‍ ജെ.ഒ.അരുണ്‍, സബ്കളക്ടര്‍മാരായ ദിലീപ് കൈനിക്കര, സാക്ഷി മോഹന്‍, എ.ഡി.എം. പി.ഒ.സാദിഖ്, റവന്യൂ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments